ന്യൂദൽഹി- പൗരത്വനിയമം സംബന്ധിച്ച് നിർണായക പരാമർശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. രാജ്യം നിർണായകമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൗരത്വ നിയമം ഭരണഘടനാപരമാണെന്നും ഇതിനെതിരെ സമരം നടത്തുന്നവരെ തടയണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. രാജ്യം നിർണായക സമയത്തിലൂടെ കടന്നുപോകുന്ന ഈ വേളയിൽ ഇത്തരം പരാതികൾ രാജ്യത്തെ സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, അക്രമം അവസാനിച്ചതിനുശേഷം മാത്രമേ പൗരത്വ (ഭേദഗതി) നിയമത്തിന്റെ (സിഎഎ) സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സിഎഎയെ സുപ്രീംകോടതി ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്നും തെറ്റായ അഭ്യൂഹങ്ങൾ പരത്തുന്നവർ, വിദ്യാർത്ഥികൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ അഭിഭാഷകനായ വിനീത് ധണ്ട ആവശ്യപ്പെട്ടു.
അതേസമയം, പാർലമെന്റ് പാസാക്കിയ ഒരു നിയമം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതിക്ക് എങ്ങിനെയാണ് പ്രഖ്യാപിക്കാൻ കഴിയുക എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ഭരണഘടനാപരമാണോ അല്ലയോ എന്നത് സംബന്ധിച്ച് ഒരു അനുമാനമുണ്ടാകും. 'രാജ്യം നിർണായക സമയങ്ങളിലൂടെ കടന്നുപോകുന്നത്. ശ്രമം സമാധാനത്തിനുവേണ്ടിയാകണം. ഇത്തരം അപേക്ഷകൾ സമാധാനത്തിന് സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.