ബഗ്ദാദ്- ഇറാഖില്‍ അതീവ സുരക്ഷാ മേഖലയില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. 24 മണിക്കൂറിനിടെ രണ്ടാംതവണയാണ് തെഹ്‌റാനില്‍ നിന്ന് ഇറാഖിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ കുതിച്ചുയരുന്നത്. യുഎസ് എംബസി അടക്കമുള്ളവ സ്ഥിതി ചെയുന്ന അതീവ സുരക്ഷാ മേഖലയിലാണ് മിസൈലുകള്‍ പതിച്ചത്. ്അര്‍ധരാത്രിയോടെയായിരുന്നു അക്രമണമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനുള്ള പ്രതികാരമെന്നോണം ഇന്നലെ രാവിലെയും യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലാക്രമണം ഉണ്ടായിരുന്നു. 80 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഒരൊറ്റ യുഎസ് പൗരനോ ഇറാഖി പൗരനോ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നാശനഷ്ടമുണ്ടായതായും എന്നാല്‍ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ പ്രസ്താവനക്ക് ശേഷമാണ് വീണ്ടും ഇറാന്‍ മിസൈലാക്രമണം നടത്തിയിരിക്കുന്നത്.