ഹൈദരാബാദ്- മുസ്ലിംകള്‍ ജിഹാദികളാണെന്ന ബി.ജെ.പി നേതാവിന്റെ ആരോപണം ശരിവെച്ച് മറുപടി നല്‍കിയ സൈബറാബാദ് പോലീസിന് രൂക്ഷ വിമര്‍ശം.
2018 ല്‍ കേരളത്തിലുണ്ടായ പ്രളയം സമ്പന്ന കുടുംബങ്ങളെയാണ് ബാധിച്ചതെന്നും അതുകൊണ്ട് സാമ്പത്തിക സഹായം ആവശ്യമില്ലെന്നുമുള്ള ഓഡിയോ സന്ദേശത്തിലൂടെ വിവാദം സൃഷ്ടിച്ച മലയാളിയും ബി.ജെ.പി ഐ.ടി സെല്‍ അംഗവുമായ കെ. സുരേഷാണ് സൈബറാബാദ് പോലീസിന് ട്വീറ്റ് ചെയ്തത്.
ഇറാന്‍-യു.എസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ടി കമ്പനികളില്‍ ജോലിചെയ്യുന്ന ജിഹാദികളെ സൂക്ഷിക്കണമെന്നാണ് പോലീസിനെ ട്വീറ്റില്‍ ഉണര്‍ത്തിയത്.
യെസ് സര്‍, ഇതിനായി തങ്ങള്‍ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടെന്നാണ് സൈബറാബാദ് പോലീസ് മറുപടി ട്വീറ്റ് നല്‍കിയത്്.
ഇതിനു പിന്നാലെ ഇസ്ലാം വിദ്വേഷത്തിന് പോലീസ് അംഗീകാരം നല്‍കിയിരിക്കയാണെന്ന്് സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.
ഇത്തരത്തിലുള്ള എത്ര ജിഹാദികള്‍ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നും ആള്‍ ഇന്ത്യാ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു.
എന്തുവേണമെങ്കിലും ചെയ്‌തോളൂ പുലര്‍ച്ചെ അഞ്ച് മണിക്ക് ഏറ്റുമുട്ടലിന്റെ പേരില്‍ കൊലപ്പെടുത്തരുതെന്ന് സൈബറാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ക്ക് നല്‍കിയ മറ്റൊരു ട്വീറ്റില്‍ ഉവൈസി പറഞ്ഞു. ഭീകരവാദികള്‍ക്ക് മതമില്ലെന്നും ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ആരോപണം നേരിടുന്ന പോലീസ് കമ്മീഷണറെ ഉണര്‍ത്തുകയും ചെയ്തു.
ഏതെങ്കിലും സമുദായത്തിനെതിരെ മുന്‍വിധിയില്ലെന്നും ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും പോലീസ് പിന്നീട് വിശദീകരണം നല്‍കി.