റിയാദ് - ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ച ശേഷം ഉടമകളുടെ ഇഖാമ കാലാവധി പരിഗണിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഫൈനൽ എക്‌സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഇതിനകം രാജ്യം വിടുന്നതിന് ഉടമകൾ നിർബന്ധിതരാണ്. ഫൈനൽ എക്‌സിറ്റ് വിസ കാലാവധിക്കിടെ ഇഖാമ കാലാവധി അവസാനിക്കുന്നത് രാജ്യം വിടുന്നതിന് പ്രതിബന്ധമല്ല. ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ച ശേഷം ഇഖാമയിൽ കൂടുതൽ കാലാവധി ശേഷിക്കുന്ന കാര്യം കണക്കിലെടുത്ത് 60 ദിവസത്തിൽ കൂടുതൽ കാലം രാജ്യത്ത് തങ്ങുന്നതിനും വിലക്കുണ്ട്.
ഫൈനൽ എക്‌സിറ്റ് വിസ ആശ്രിതർക്കും ബാധകമാണ്. സ്‌പോൺസറായ രക്ഷാകർത്താവിന് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നത് ആശ്രിതർക്കുള്ള ഫൈനൽ എക്‌സിറ്റ് ആയി കണക്കാക്കപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ ആശ്രിതർക്ക് പ്രത്യേകം ഫൈനൽ എക്‌സിറ്റ് നേടേണ്ടതില്ല. സ്‌പോൺസറായ രക്ഷാകർത്താവ് സൗദി അറേബ്യക്കകത്തും ആശ്രിതരിൽ ഒരാൾ വിദേശത്തുമാകുന്ന സാഹചര്യങ്ങളിൽ ഇഖാമ പുതുക്കുന്നതിന് തടസ്സമില്ല.