Sorry, you need to enable JavaScript to visit this website.

നഴ്‌സുമാരെ കടന്നുപിടിക്കുന്ന  ദക്ഷിണേന്ത്യന്‍ ഡോക്ടര്‍ കോടതിയില്‍ 

ലണ്ടന്‍- ആശുപത്രിയില്‍ വച്ച് സഹപ്രവര്‍ത്തകരായ നഴ്‌സുമാരെ തുടര്‍ച്ചയായി കടന്നുപിടിക്കുന്നത് പതിവാക്കിയ തെന്നിന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി. ലിവര്‍പൂളില്‍ നിന്നുള്ള 53കാരന്‍ ഡോ. വിജയ് മഹേന്ദ്രന്‍ ആണ് നഴ്‌സുമാരെ സ്ഥിരമായി ശല്യപ്പെടുത്തിയത്. മേഴ്‌സിസൈഡ് വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ രണ്ട് ഇരകള്‍ക്ക് നേരെ നടന്ന ഏഴ് ലൈംഗിക അതിക്രമങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മരിച്ച് കൊണ്ടിരിക്കുന്ന രോഗിയുടെ മുന്നില്‍ വെച്ച് പോലും നഴ്‌സുമാര്‍ക്കു നേരെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത സീനിയര്‍ ഡോക്ടര്‍ ജയില്‍ശിക്ഷ ലഭിക്കാതെ തല്‍ക്കാലം രക്ഷപ്പെട്ടു. 
ആരോപണങ്ങള്‍ നിഷേധിക്കുന്ന രണ്ട് മക്കളുടെ പിതാവായ ഡോക്ടര്‍ ഇതിന് ശേഷം സേഫ്ഗാര്‍ഡിംഗ് കോഴ്‌സുകള്‍ സ്വീകരിച്ചു. ഇതോടെയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിധിച്ച 12 മാസത്തെ ജയില്‍ശിക്ഷ 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയത്. ധാര്‍ഷ്ട്യത്തോടെ പെരുമാറിയിരുന്ന ഡോക്ടര്‍ മഹേന്ദ്രന്‍ സീനിയര്‍ ഡോക്ടറെന്ന തന്റെ പദവി ദുരുപയോഗം ചെയ്താണ് മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ തുനിഞ്ഞതെന്ന് ജഡ്ജ് ഡെന്നിസ് വാട്‌സണ്‍ ക്യുസി ചൂണ്ടിക്കാണിച്ചു. ജീവനക്കാരോട് യാതൊരു ബഹുമാനവുമില്ലാത്ത ആളായിരുന്നു ഡോ. വിജയ് മഹേന്ദ്രനെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. 
ക്ലിനിക്കല്‍ യോഗ്യതകള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്ത് തെറ്റായ ലൈംഗിക പെരുമാറ്റങ്ങളാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഡോക്ടറുടെ പദവി പൂര്‍ണ്ണമായും ചൂഷണം ചെയ്തു, ജഡ്ജ് വ്യക്തമാക്കി. ബഹുമാനം ഉള്ളവരോട് വളരെ നന്നായി പെരുമാറുകയും, ഇല്ലാത്തവരോട് തെറ്റായി പെരുമാറാന്‍ മടി കാണിക്കാത്ത രീതിയുമാണ് ഡോക്ടര്‍ പുലര്‍ത്തിയത്. രണ്ട് സഹജീവനക്കാരുടെ ശരീരഭാഗങ്ങളില്‍ മഹേന്ദ്രന്‍ തുടര്‍ച്ചയായി കയറിപ്പിടിച്ചതായി ജൂറിയില്‍ വിശദമാക്കി. ഒരു രോഗിയെ പരിശോധിക്കുന്നതിനിടെയാണ് നഴ്‌സിനെ ഇയാള്‍ കടന്നുപിടിച്ചത്. 
ആ ഘട്ടത്തില്‍ രോഗിയുടെ കുടുംബം പോലും ഞെട്ടിപ്പോയി. മറ്റൊരു ജീവനക്കാരനാണ് ഡോക്ടറെ ബലം പ്രയോഗിച്ച് ഇവിടെ നിന്നും വലിച്ചുമാറ്റി നഴ്‌സിനെ രക്ഷപ്പെടുത്തിയത്. മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങിയ മഹേന്ദ്രന്‍ 2017ല്‍ ഒരു ചെറിയ കുട്ടിയുടെ മുഖത്തടിച്ചതിന് 2000 പൗണ്ട് പിഴയും നല്‍കിയ ആളാണ്. 50 മണിക്കൂര്‍ അണ്‍പെയ്ഡ് വര്‍ക്കും, 60 ദിവസം റിഹാബിലിറ്റേഷന്‍ ആക്ടിവിറ്റിയും കോടതി പ്രതിയ്ക്ക് വിധിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തേക്ക് സെക്‌സ് ഒഫെന്‍ഡേഴ്‌സ് രജിസ്റ്ററിലും ഡോക്ടറുടെ പേരുണ്ടാകും.

Latest News