ഇറാന്‍-യുഎസ് പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍. ഇറാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വഷളമാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാരിന്റെ നിര്‍ദേശം.ഇന്ത്യന്‍ വ്യോമമേഖലയ്ക്കും ജാഗ്രത പാലിക്കാനും ഇറാന്‍,ഇറാഖ്,ഒമാന്‍,പേര്‍ഷ്യന്‍ രാജ്യങ്ങള്‍ വഴിയുള്ള വ്യോമപാതയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ഈ പാത ഒഴിവാക്കാനും ഡിജിസിഎ നിര്‍ദേശം നല്‍കി.
ഇറാഖിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് നോട്ടിഫിക്കേഷന്‍ ഇറക്കിയത്. ഇറാഖിലുള്ള ഇന്ത്യക്കാരോട് രാജ്യത്തിനകത്ത് മറ്റിടങ്ങളിലേക്കുള്ള യാത്രകള്‍ അത്യാവശ്യമല്ലെങ്കില്‍ വേണ്ടെന്ന് വെക്കാനും സുരക്ഷിതരായിരിക്കാനും നിര്‍ദേശിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.