ടോക്കിയോ- ട്യൂണ മത്സ്യവും ട്യൂണ മത്സ്യം കൊണ്ടുള്ള വിഭവങ്ങളും എപ്പോഴും വിപണിയിലെ താരമാണ്. ഇപ്പോഴിതാ പുതുവര്‍ഷത്തിലെ ആദ്യ ലേലത്തില്‍ തന്നെ ട്യൂണ വിറ്റുപോയത് 1.8 മില്യണ്‍ ഡോളറിനാണ്. 276 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യമാണ് റെക്കോര്‍ഡ് വിലക്ക് വിറ്റുപോയത്. ട്യൂണ മത്സ്യത്തിന് ലേലത്തിലൂടെ ലഭിക്കുന ഏറ്റവും വലിയ രണ്ടാമത്തെ തുകയാണ് ഇത്.
ടോക്കിയോയിലെ പ്രശസ്തമായ സുശി ചെയിന്‍ റെസ്‌റ്റോറെന്റുകളുടെ ഉടമയായ കിയോഷി കിമൂറയാണ് ഇത്രയും വലിയ തുകയ്ക്ക് ട്യൂണ മത്സ്യത്തെ ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ ലേലത്തിലും റെക്കോര്‍ഡ് തുകയ്ക്ക് കിമുറ തന്നെയാണ് വലിയ ട്യൂണ സ്വന്തമാക്കിയത്. 333.6 മില്യന്‍ യെന്‍ ആയിരുന്നു അന്നത്തെ ലേല തുക.
വില അല്‍പം കൂടുതലാണെങ്കിലും ഏറ്റവും നല്ല ട്യൂണ തന്നെ റെസ്‌റ്റൊറെന്റില്‍ എത്തുന്നവര്‍ക്ക് വിളമ്പണം എന്നുള്ളതുകൊണ്ടാണ് വലിയ വില കൊടുത്ത് മീന്‍ വാങ്ങിയത് എന്ന് കിമൂറ പറയുന്നു. വടക്കന്‍ ജപ്പാനിലെ തീരപ്രദേശത്ത് നിന്നുമാണ് ഈ കൂറ്റന്‍ ട്യൂണ മത്സ്യത്തെ പിടികൂടിയത്.