ന്യൂദൽഹി- ശബരിമല കേസിൽ വാദം കേൾക്കാൻ രൂപീകരിച്ച ഒൻപതംഗ ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ നേതൃത്വം നൽകും.ജസ്റ്റിസുമാരായ എ ആർ. ഭാനുമതി, അശോക് ഭൂഷൺ, നാഗേശ്വർ റാവു, മോഹൻ എം ശാന്തനഗൗഡർ, എസ് അബ്ദുൽ നാസർ, ആർ സുഭാഷ് റെഡ്ഢി, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്. കഴിഞ്ഞവർഷം സെപ്തംബറിൽ ശബരിമല കേസിൽ വിധി പറഞ്ഞ ജഡ്ജിമാരിൽ ഒരാൾപോലും പുതിയ ബെഞ്ചിലില്ല. ജനുവരി 13 നാണ് യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹരജികൾ പരിഗണിക്കുന്നത്. വിശ്വാസ പ്രശ്‌നം ഉൾപ്പെടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശങ്ങളും ഇതോടൊപ്പം സുപ്രീംകോടതി പരിഗണിക്കും.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെ നൽകിയ ഹരജികളിൽ തീരുമാനമെടുക്കാതെയാണ് നേരത്തെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനു വിലക്ക് ഏർപ്പെടുത്തിയുള്ള 1965 ലെ കേരളാ ഹിന്ദു ആരാധനാ സ്ഥല പ്രവേശ നിയമവും മതകാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന വിഷയവും വിശാല ബെഞ്ച് പരിശോധിക്കാൻ നിർദേശിച്ച കോടതി, അതിന്റെ ഉത്തരവ് വരുന്നതുവരെ പുനഃപരിശോധന ഹരജികളും റിട്ട് ഹരജികളും പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. വിശാല ബെഞ്ചിന്റെ തീരുമാനമുണ്ടായതിനു ശേഷം പുനഃപരിശോധന ഹരജികൾ അഞ്ചംഗ ബെഞ്ച് പരിശോധിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനക്കു വരുന്നത്.
ശബരിമല വിഷയം വിശാല ബെഞ്ച് പരിശോധിക്കണമെന്നു അഞ്ചംഗ ബെഞ്ചിലെ മൂന്നു പേർ വിധിച്ചപ്പോൾ രണ്ടംഗങ്ങൾ അതിനെ വിയോജിച്ച് ഭിന്നവിധിയെഴുതിയിരുന്നു. ശബരിമല കേസിൽ 2018 സെപ്റ്റംബർ 28ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും സംഘടിതമായ രീതിയിൽ സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും ജസ്റ്റീസുമാരായ രോഹിൻടൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ പ്രത്യേക വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.