ന്യൂദൽഹി- ജെ.എൻ.യുവിൽ മുഖംമൂടി ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായി ഇതേ യൂണിവേഴ്‌സിറ്റിയിലെ പ്രോക്ടറും. ഫ്രണ്ട്‌സ് ഓഫ് ആർ.എസ്.എസ് എന്ന ഗ്രൂപ്പിലാണ് പ്രോക്ടർ ധനജ്ഞയ് സിങ് അംഗമായത്. ജെ.എൻ.യു അക്രമത്തിന് പിന്നിലുള്ളവർ പ്രവർത്തിച്ചെന്ന് കരുതുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ എ.ബി.വി.പിയുടെ ഓഫീസ് ചുമതലയുള്ള എട്ട് പേരാണ് ഉണ്ടായിരുന്നത്. ജെ.എൻ.യു പ്രോക്ടർ, ദൽഹി യൂണിവേഴ്‌സിറ്റിയിലെ രണ്ട് അധ്യാപകർ, രണ്ട് പി.എച്ച്.ഡി ഗവേഷകർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ജെ.എൻ.യു ആക്രമണം ആസൂത്രണം ചെയ്തത്. അക്രമത്തിന് ശേഷവും മുൻപും ഗ്രൂപ്പ് ആക്ടീവായിരുന്നു. അതേസമയം ഇത്തരമൊരു ഗ്രൂപ്പിൽ താൻ അംഗമായിരുന്നെന്നും എന്നാൽ ഗ്രൂപ്പിൽ നടന്ന സംഭാഷണങ്ങൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും പ്രോക്ടർ പറയുന്നു. ഗ്രൂപ്പ് വിട്ടെന്നും ഇയാൾ വ്യക്തമാക്കി. 'ഞാൻ ഗ്രൂപ്പ് അംഗമായിരുന്നു. എന്നാൽ ഞാൻ ആ ഗ്രൂപ്പ് വിട്ടു. സമാധാനം പുനസ്ഥാപിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. എന്നെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ഞാൻ സംഭാഷണങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇയാൾ പറയുന്നു.