ന്യൂദൽഹി- കോൺഗ്രസ് നേരിടുന്നത് അസ്തിത്വ പ്രതിസന്ധിയാണെന്നും ഇത് നേരിടാൻ പഴയകാലത്തെ തന്ത്രങ്ങൾ മതിയാകില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പാർട്ടി നേതാക്കൾ കൂട്ടായ ശ്രമം നടത്തണമെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പതിവു തന്ത്രങ്ങളോ സമീപനങ്ങളോ മോഡിക്കും അമിത് ഷാക്കുമെതിരെ ഫലപ്രദമാകില്ല. കോൺഗ്രസിന്റെ പ്രസക്തി നിലനിർത്തണമെങ്കിൽ കുറച്ചുകൂടി അയഞ്ഞ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം സമ്മതിച്ചു.
1996 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തുനിന്നപ്പോൾ ഒരു തെരഞ്ഞെടുപ്പ് പ്രതിസന്ധിയായിരുന്നു പാർട്ടിക്കുള്ളത്. അടിന്തരാവസ്ഥക്ക് ശേഷം 1977 ൽ തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും സമാനമായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് നേരിടുന്നത് നിലനിൽപിന്റെ പ്രതിസന്ധിയാണ്. ഇതൊരു തെരഞ്ഞെടുപ്പ് പ്രതിസന്ധിയല്ല. ആഴത്തിൽ വേരുള്ളതാണ്. - അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി റാഞ്ചിയ സാഹചര്യത്തിൽ അവരെ മാറ്റിപാർപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ സാഹചര്യങ്ങളിൽ ബി.ജെ.പിയും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്.
സാമ്പ്രദായിക രീതികൾ മോഡിക്കും ഷാക്കുമെതിരെ ഫലപ്രദമാകില്ലെന്ന് രമേശ് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് പ്രസക്തിയുളവാക്കും വിധം നേതാക്കൾ പരുവപ്പെടണം. മോഡിയോടും ഷായോടുമാണ് എതിരിടേണ്ടത് എന്ന തിരിച്ചറിവാണ് പാർട്ടിക്ക് ആദ്യം ഉണ്ടാകേണ്ടത്. അവരുടെ ചിന്തയും പ്രവൃത്തിയും തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഇതനുസരിച്ചുള്ള മാറ്റങ്ങൾ കോൺഗ്രസിലുമുണ്ടാകണം. കാലം മാറുകയാണ്. രാജ്യവും. പഴയ മുദ്രാവാക്യങ്ങൾ വിലപ്പോകില്ല. പഴയ സൂത്രവാക്യങ്ങളിലും കാര്യമില്ല. അതനുസരിച്ചുള്ള മാറ്റങ്ങൾ പാർട്ടിക്കുമുണ്ടാകണമെന്ന് രമേശ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കുന്നതിൽ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വം രാഹുൽ ഗാന്ധി അവസാനിപ്പിക്കുമെന്നാണ് താൻ കരുതുന്നതെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ ജയറാം രമേശ് പറഞ്ഞു. 2018 ൽ പ്രധാന സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ഇത് അനിവാര്യമാണ്. 2017 അവസാനിക്കുംമുമ്പ് രാഹുൽ പാർട്ടി അധ്യക്ഷനാകുമെന്നാണ് താൻ കരുതുന്നതെന്നും രമേശ് പറഞ്ഞു.