തുണയായത് നവയുഗം
ദമാം- വീട്ടിലെ പ്രാരാബ്ദം കാരണം പ്രായം വകവെക്കാതെ വീട്ടുജോലിക്കാരിയായി പ്രവാസലോകത്തെത്തി ദുരിതത്തിലായ ശുഭദ്രമ്മക്ക് തുണയായി നവയുഗം സാംസ്‌കാരിക വേദി. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനിയായ ശുഭദ്രമ്മ രണ്ടു വർഷം മുമ്പാണ് ജുബൈലിൽ ഗാർഹിക ജോലിക്കെത്തിയത്.
വാർധക്യ സഹജമായ അനാരോഗ്യം വകവെക്കാതെ രണ്ടു വർഷം ജോലി ചെയ്തു. എന്നാൽ സ്‌പോൺസർ കൃത്യമായി ശമ്പളം കൊടുത്തിരുന്നില്ല. ഇക്കാമ പോലും പുതുക്കാതെ ദമാം പോലീസ് സ്‌റ്റേഷനു മുന്നിൽ അവരെ സ്‌പോൺസർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പോലീസുകാർ അവരെ ദമാം വനിതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ഇവിടെ എത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ
സൗദി അധികൃതരുടെ അനുവാദത്തോടെ ശുഭദ്രമ്മയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. മൂന്ന് ദിവസമായി കൃത്യമായി ആഹാരം കഴിക്കാത്തതിനാൽ കടുത്ത ശാരീകാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വീട്ടിൽനിന്നും കൃത്യമായ ഭക്ഷണവും പരിചരണവും നൽകിയതോടെ ആരോഗ്യം മെച്ചപ്പെട്ടു.
നവയുഗം ജീവകാരുണ്യ പ്രവർത്തകരും മഞ്ജുവും ശുഭദ്രമ്മയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് നിരന്തരം ചർച്ചകൾ നടത്തി. ഒടുവിൽ കുടിശ്ശികയായ അഞ്ചു മാസത്തെ ശമ്പളം നൽകാൻ അയാൾ തയ്യാറായി. ഇന്ത്യൻ എംബസ്സിയിൽനിന്നും ശുഭദ്രമ്മയ്ക്ക് ഔട്ട്പാസ് വാങ്ങി. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകുകയും ചെയ്തു. സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് ശുഭദ്രമ്മ നാട്ടിലേക്ക് മടങ്ങി.