Sorry, you need to enable JavaScript to visit this website.

കേരളത്തിന് പ്രളയ ധന സഹായമില്ല,  മറ്റു സംസ്ഥാനങ്ങള്‍ക്ക് 5098 കോടി 

ന്യൂദല്‍ഹി-2019ലെ പ്രളയത്തിന് ധനസഹായം അനുവദിക്കുന്നതില്‍ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. 5908 കോടി രൂപയാണ് പ്രളയ ധനസഹായം അനുവദിച്ചത്.
അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ധനസഹായം അനുവദിച്ചത്.  കേരളം 2019 ല്‍ ഗുരുതരമായ  പ്രളയത്തെയാണ് അഭിമുഖീകരിച്ചത്.പ്രളയ സഹായമായി 2101 കോടി രൂപയാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് ഇക്കാര്യം ആവശ്യപെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. പ്രളയം,മണ്ണിടിച്ചില്‍,മേഘ വിസ്‌ഫോടനം എന്നിവ മൂലമുണ്ടായ ദുരിതങ്ങള്‍ നേരിടുന്നതിനാണ് കേന്ദ്രസഹായം. കേരളം കത്തയച്ചതിനെ തുടര്‍ന്ന് കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2018 ലെ മഹാ പ്രളയത്തിന് ശേഷവും മതിയായ സഹായം ലഭിച്ചിട്ടില്ലെന്ന് കേരളം പരാതിപ്പെട്ടിരുന്നു.  പ്രളയ ദുരുതം നേരിടാന്‍ അസമിന് 616.63 കോടി, ഹിമാചല്‍ പ്രദേശിന് 284.93 കോടി, കര്‍ണാടകത്തിന് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി, മഹാരാഷ്ട്രയ്ക്ക് 956.93 കോടി, ത്രിപുരയ്ക്ക് 63.32 കോടി, ഉത്തര്‍പ്രദേശിന് 367.17 എന്നിങ്ങനെയാണ് കേന്ദ്ര സഹായം അനുവദിച്ചത്.

Latest News