Sorry, you need to enable JavaScript to visit this website.

ദല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ന്യൂദല്‍ഹി- രാജ്യം ഉറ്റുനോക്കുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ദല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
11 നാണു വോട്ടെണ്ണല്‍. ജനുവരി 14നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22നാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24. ആകെ 1.46 കോടി വോട്ടര്‍മാരായിരിക്കും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.
കേന്ദ്രബജറ്റില്‍ ദല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിനാണു കേന്ദ്ര ബജറ്റ്. ദല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്.
2015ല്‍ 70 ല്‍ 67 സീറ്റുകളും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ബി.ജെ.പി തൂത്തുവാരി.

 

Latest News