ന്യൂദൽഹി- പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്്ത്തിനിടെ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക്മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് വിദഗ്ദ പരിശോധനക്കായി ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയത്. ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെ ഡോക്ടർമാർ ആശങ്ക പങ്കുവെച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ വിവരം അദ്ദേഹത്തിന്റെ ഡോക്ടർ ഡോ. ഹർജിത് സിംഗ് ഭാട്ടിയാണ് അറിയിച്ചത്. ആസാദിനെ എയിംസിലേക്ക് മാറ്റാനുള്ള നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആസാദിന്റെ ആരോഗ്യനില മോശമാണെന്നും ഏത് നിമിഷവും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോ.ഭാട്ടി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. എയിംസിൽ അഡ്മിറ്റ് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോടും ദൽഹി പോലീസിനോടും ആവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ചന്ദ്രശേഖർ ആസാദിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ കാരണത്താലാണ് ആസാദിനെ ജയിലിൽ അടച്ചിരിക്കുന്നത് എന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്. ആസാദിന് വേണ്ടി പ്രിയങ്ക രംഗത്തെത്തിയത് ബി.ജെ.പിയെ ചൊടിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളെ പറ്റിയാണ് പ്രിയങ്ക പറയേണ്ടത് എന്നായിരുന്നു ബി.ജെ.പി യു.പി ഘടകം ഇതിന് മറുപടി പറഞ്ഞത്.