Sorry, you need to enable JavaScript to visit this website.

അമിത് ഷാ യുടെ കേരള സന്ദർശനം: കരിമതിൽ തീർത്ത് പ്രതിഷേധിക്കാൻ യൂത്ത് ലീഗ്

മലപ്പുറം- പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാൻ കോഴിക്കോട് എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ജനുവരി 15ന് മുസ്‌ലിം യൂത്ത്‌ലീഗ് ബ്ലാക്ക് വാൾ (കറുത്ത മതിൽ) തീർക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. വെസ്റ്റ് ഹിൽ ഹെലിപാഡ് മുതൽ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് വരെ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് ബ്ലാക്ക് വാൾ തീർക്കുക. 35കിലോമീറ്റർ നീളത്തിൽ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളിൽ അണിനിരത്തും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ അമിത ഷായുടെ പോലീസും ആർ.എസ്.എസ് ഭീകരവാദികളും വലിയ അക്രമമാണ് അഴിച്ച് വിടുന്നതെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. ഗുജറാത്ത് മോഡൽ കലാപത്തിന് രാജ്യവ്യാപകമായി ആർ.എസ്.എസുകാർക്ക് ആഹ്വാനം നൽകുകയാണ് ഗുജറാത്തിലെ മുൻ അഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര അഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജെ.എൻ.യു വിലെ വിദ്യാർത്ഥികൾക്ക് നേരെ ആർ.എസ്.എസ് ഭീകരവാദികളുടെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിട്ടത്. രാജ്യത്ത് ആകമാനം സമരക്കാർക്ക് നേരെ നടക്കുന്ന അടിച്ചമർത്തലിന് എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ബ്ലാക്ക് വാൾ.
ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് ചിക്കാഗോയിൽ 1893ൽ വിവേകാനന്ദൻ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News