ബംഗളുര്‍- മലയാളി വ്യാപാരിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ യുവാവിനെതിരെ പാകിസ്താന്‍കാരനെന്ന് ആരോപിച്ച് പ്രതിഷേധവുമായി സംഘപരിവാര്‍. കര്‍ണാടക രാമനഗര ബിഡദിയിലെ വ്യാപാരിയായ കണ്ണൂര്‍ പാനൂര്‍ പാറാട് സ്വദേശി മുഹമ്മദ് അഫ്‌സല്‍ പാറേങ്ങലിനെയും സഹോദരനെയും പാകിസ്താനിലേക്ക് പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെയാണ് ബിഡദി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും വ്യാപാരിയുടെ കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയും ചെയ്തത്. കടയില്‍ ജോലി ചെയ്യുകയായിരുന്ന അഫ്‌സലിന്റെ സഹോദരനെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മുസ്ലിംലീഗ് പതാക ഉള്‍പ്പെടെയുള്ള അഫ്‌സലിന്റെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ആര്‍എസ്എസിന്റെ മാഗഡി മണ്ഡലം ഫേസ്ബുക്ക് പേജ് ഗ്രൂപ്പില്‍ വന്നതാണ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പാകിസ്താനില്‍ നിന്നാണ് ഈ ചിത്രത്തിലുള്ള ആള്‍ വരുന്നതെന്നും കേരളത്തിലെ മുസ്ലിമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ബിഡദിയില്‍ ഇയാള്‍ കച്ചവടം നടത്തുന്നതെന്നും പോസ്റ്റില്‍ ആരോപിച്ചു. ഈ പോസ്റ്റ് വിവിധ ഗ്രൂപ്പുകളിലേക്കും പ്രചരിപ്പിച്ചു. ഇതിനെതിരെ അഫ്‌സല്‍ ബിഡദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുസ്ലിംലീഗ് കര്‍ണാടക സംസ്ഥാന സമിതി മെമ്പറും കെഎംസിസി മൈസുരു റോഡ് -ബിഡദി ഏരിയ വൈസ് പ്രസിഡന്റുമാണ് അഫ്‌സല്‍.35 വര്‍ഷമായി അഫ്‌സലിന്റെ പിതാവ് ഇവിടെ കച്ചവടം തുടങ്ങിയിട്ട്. ഇപ്പോള്‍ അഫ്‌സലും സഹോദരനും ചേര്‍ന്ന് 12 കടകള്‍ ബംഗളുരു നഗരത്തിലുണ്ട്. മുസ്ലിംലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ സമരത്തിനെത്തിയതെന്ന് സ്ഥലം എസ്‌ഐ പറഞ്ഞു.