ന്യൂദൽഹി- രാജ്യതലസ്ഥാനത്തെ പ്രമുഖ കലാലയമായ ജെ.എൻ.യുവിൽ എ.ബി.വി.പിയും ആർ.എസ്.എസും തീർത്തത് യുദ്ധസമാനമായ സാഹചര്യം. ഇരുമ്പ് ദണ്ഡ്, വലിയ വടി, കത്തി, കല്ല് തുടങ്ങിയ മാരകായുധങ്ങളുമായി മുഖംമറച്ചെത്തിയ സംഘ്പരിവാർ ഗുണ്ടകൾ കണ്ണിൽ കണ്ട വിദ്യാർഥികളെയും അധ്യാപകരെയുമെല്ലാം അടിച്ചും വെട്ടിയും എറിഞ്ഞും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാമ്പസിനകത്തുണ്ടായിരുന്ന ഭൂരിഭാഗം ആളുകളെയും മൃതപ്രായരാക്കിയാണ് എ.ബി.വി.പി പ്രവർത്തകർ കളം വിട്ടത്. വൈകിട്ട് ആറരക്ക് തുടങ്ങിയ ആക്രമണം രാത്രി ഒൻപതര വരെ നീണ്ടുനിന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ മാത്രമല്ല, രാജ്യത്തെ ഒരു കാമ്പസിനകത്തും സമാനമായ ഒരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. സ്ത്രീകളടക്കമുള്ള സംഘമാണ് കാമ്പസിനകത്ത് ഭീകരാക്രമണം നടത്തിയത്. സംഭവമറിഞ്ഞ് കാമ്പസിലെത്തിയ യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ അടിച്ചോടിക്കാനാണ് ഗുണ്ടകൾ ശ്രമിച്ചത്. കാമ്പസിന്റെ ഗെയ്റ്റിൽ തടിച്ചുകൂടിയ ഗുണ്ടകൾ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇവർക്ക് അഴിഞ്ഞാടാൻ ദൽഹി പോലീസ് അവസരം ഒരുക്കുകയും ചെയ്തു. ദൽഹിയിലെ മുനീർക്കയിൽനിന്ന് ജെ.എൻ.യു വിലേക്ക് പോകുന്നവരെയെല്ലാം പോലീസും ഗുണ്ടകളും അടിച്ചോടിച്ചു. സംഭവമറിഞ്ഞ് ജെ.എൻ.യു വിദ്യാർഥികളെ സഹായിക്കാൻ എത്തിയവരെയാണ് തടഞ്ഞത്. പരിക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലൻസുകളും പോലീസ് കടത്തിവിട്ടില്ല. ആംബുലൻസുകൾക്ക് നേരെ പോലീസും എ.ബി.വി.പി സംഘവും ചേർന്ന് ആക്രമണം നടത്തി. മുഖംമൂടിയും ഹെൽമെറ്റും ധരിച്ചാണ് ഇവിടെയും ആക്രമണമുണ്ടായത്. ഡോക്ടർമാർ അടക്കമുള്ളവർ ഈ സമയത്ത് ആംബുലൻസിന് അകത്തുണ്ടായിരുന്നു. ആംബുലൻസിന്റെ മുൻ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു. രാത്രി വൈകിയും ആംബുലൻസുകളെ കാമ്പസിനകത്ത് പ്രവേശിപ്പിക്കാൻ അക്രമികൾ തയ്യാറായില്ല. ഈ സമയമത്രയും കാമ്പസിനകത്ത് പരിക്കേറ്റ് വിദ്യാർത്ഥികൾ സഹായത്തിന് വേണ്ടി നിലവിളിക്കുകയായിരുന്നു. കാമ്പസിനകത്തെ വൈ.ഫൈ സംവിധാനം വരെ വിച്ഛേദിച്ചായിരുന്നു പോലീസ് ആക്രമണം. ചില അധ്യാപകരും അക്രമികളെ സഹായിച്ചുവെന്ന് വിവരമുണ്ട്. അക്രമികൾക്ക് ആവശ്യമായ സഹായം നൽകുന്ന അധ്യാപകരുടെ വോയസ് ക്ലിപ്പുകൾ വിദ്യാർഥികൾ തന്നെ പുറത്തുവിട്ടു. ആക്രമണത്തെ തുടർന്ന് കാമ്പസിൽ പേടിച്ച് ഒളിച്ചിരുന്ന വിദ്യാർഥിനികളെ അടക്കം തെരഞ്ഞുപിടിച്ചാണ് ഗുണ്ടകൾ അക്രമിച്ചത്.
സംഭവമറിഞ്ഞ ഉടൻ യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കൾ ജെ.എൻ.യുവിൽ എത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ അടക്കം അക്രമിക്കുന്ന സമീപനമാണ് എ.ബി.വി.പി സംഘം സ്വീകരിച്ചത്.
ജെ.എൻ.യുവിലെ വിദ്യാർഥികളെ ഗുണ്ടകളിൽനിന്ന് രക്ഷിക്കാനാവശ്യപ്പെട്ട് പ്രമുഖ നടിയും ജെ.എൻ.യുവിലെ മുൻ വിദ്യാർഥിയുമായ സ്വര ഭാസ്‌കർ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തിയിരുന്നു. വിദ്യാർഥികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞുപറഞ്ഞായിരുന്നു സ്വരഭാസ്‌കർ രംഗത്തെത്തിയത്. ദൽഹിയിലുള്ള എല്ലാവരും ഉടൻ ജെ.എൻ.യു കാമ്പസിൽ എത്തണമെന്നും എ.ബി.വി.പി ഗുണ്ടകളിൽനിന്ന് കാമ്പസിനകത്തെ വിദ്യാർഥികളെ രക്ഷിക്കാൻ നടപടി വേണമെന്നുമായിരുന്നു സ്വര ഭാസ്‌കർ ആവശ്യപ്പെട്ടത്. കാമ്പസിനകത്ത് എ.ബി.വി.പി ഗുണ്ടകളുടെ ഭീകരാക്രമണമാണെന്നും അവർ അധ്യാപകരെയും വിദ്യാർഥികളെയും കൂട്ടംചേർന്ന് ആക്രമിക്കുകയാണെന്നും സ്വരഭാസ്‌കർ പറഞ്ഞു.
ജെ.എൻ.യു.എസ്.യു പ്രസിഡന്റ് ഐഷ ഘോഷിനെ എ.ബി.വി.പി ഗുണ്ടകൾ വളഞ്ഞിട്ട് മർദ്ദിച്ചു. ഇവരുടെ തല പൊട്ടി ചോര നിർത്താതെ ഒഴുകുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പായിരുന്നു താൻ നേരിട്ട ആക്രമണത്തെ പറ്റി ഐഷ ഘോഷ് പറഞ്ഞത്. മുതിർന്ന അധ്യാപിക സുചിത്ര സെനും ആക്രമണത്തിൽ പരിക്കേറ്റു. ദൽഹി പോലീസും കാമ്പസിലെ സുരക്ഷ ഉദ്യോഗസ്ഥരും അക്രമികളെ തടയാൻ ഒന്നും ചെയ്തില്ല.
ആസൂത്രിതമായ നീക്കത്തിലൂടെയാണ് പോലീസിനെ കൂടി കൂട്ടുപ്പിടിച്ച് എ.ബി.വി.പി-ആർ.എസ്.എസ് സംഘം ആക്രമണം നടത്തിയത്. പൗരത്വപ്രക്ഷോഭത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ജെ.എൻ.യുവിൽ പോലീസ് അതിക്രമം നടത്തിയത്. ഇന്നലെ വൈകിട്ട് പൗരത്വനിയമത്തെ പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ദൽഹിയിൽ ഗൃഹസന്ദർശനം നടത്താനെത്തിയപ്പോൾ ഗോ ബാക്ക് വിളി മുഴക്കി ജനം പ്രതിഷേധിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കകം തന്നെയാണ് ജെ.എൻ.യുവിൽ പോലീസിന്റെ സഹായത്തോടെ എ.ബി.വി.പി അഴിഞ്ഞാടിയത്.