ന്യൂദൽഹി- പൗരത്വ നിയമഭേദഗതിയെ പറ്റി വീടു കയറി പ്രചാരണത്തിന് എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഗോബാക്ക് വിളി. ദൽഹിയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറിൽ ചണ്ഡിബസാറിന് സമീപത്താണ് സംഭവം. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനെന്ന പേരിൽ ബി.ജെ.പി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ അടക്കമുള്ള കോളനിവാസികൾ ഗോ ബാക്ക് വിളിച്ചത്.
വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ച് യുവതികൾ തുടങ്ങിയ ഗോ ബാക്ക് വിളി കോളനിയിലുള്ള മറ്റുള്ളവരും ഏറ്റെടുത്തു. ഇതോടെ പ്രതികരിക്കാൻ നിൽക്കാതെ അമിത് ഷാ നടന്നുപോയി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.
ബിരുദ വിദ്യാർഥികളും അഭിഭാഷകരുമായ സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇവർക്കെതിരെ അമിത് ഷായുടെ കൂട്ടത്തിലുള്ളവർ പ്രതികരിച്ചതോടെ പോലീസ് ഇവർക്ക്് സുരക്ഷ ഏർപ്പെടുത്തി. ബിജെപിയുടെ ശക്തി കേന്ദ്രമാണ് ലജ്പത് നഗർ. ഇവിടെ പ്രചാരണം നടത്താൻ ഏറെ സുരക്ഷിതമാണെന്ന് കണ്ടാണ് സ്ഥലം തെരഞ്ഞെടുത്തത്. എന്നാൽ അത് അക്കിടിയായി. കേരളത്തിൽ നടത്തിയ വീട് കയറി പ്രചാരണത്തിലും ബി.ജെ.പി അടിയേറ്റിരുന്നു. എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എന്തുകൊണ്ട് മുസ്്‌ലിംകളെ ഉൾപ്പെടുത്തിയില്ല എന്നായിരുന്നു ചോദ്യം.