ബംഗലുരു- രാജ്യത്തു ശക്തി പ്രാപിച്ച ന്യൂനപക്ഷ വിരുദ്ധ ശക്തികളും തീവ്രദേശീയവാദികളും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന ആശങ്കയുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ അവസാന പ്രസംഗം. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ 25-ാം ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ഉപരാഷ്ട്രപതി തന്റെ നിലപാട് വെട്ടിത്തുറന്ന് പറഞ്ഞ്.
'വിഭാഗീയ വൈവിധ്യങ്ങളെ മറികടക്കുന്ന ഐക്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് തീര്‍ച്ചയായും ഒരു ദേശീയ ഗുണമായി മാറേണ്ടതുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളില്‍ അടിയന്തിരമായി ഇതിനൊരു പ്രായോഗിക രൂപം നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നമ്മുടെ രാജ്യത്തെ വിവിധ പൗര വിഭാഗങ്ങള്‍, പ്രത്യേകിച്ച് ദളിതുകള്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥ വിരല്‍ ചൂണ്ടുന്നത്. അസഹിഷ്ണുതയും ജനങ്ങള്‍ക്കിടയിലെ അസ്വീകാര്യതയും കാരണം നിയമവാഴ്ചയോടുള്ള നമ്മുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നു. സമൂഹത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും ജനക്കൂട്ട വാഴ്ചകളിലും ഇതു കലാശിക്കുന്നു,' അദ്ദേഹം പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വരത, മതനിരപേക്ഷത എന്നിവയില്‍ ഊന്നിയായിരുന്നു അന്‍സാരിയുടെ വാക്കുകള്‍.
കര്‍ഷകരുടെ പ്രയാസങ്ങള്‍, നക്‌സലൈറ്റ് ഭീഷണി, വീണ്ടും പൊങ്ങിവരുന്ന ഭാഷ സ്വത്വവാദങ്ങള്‍, പ്രാദേശിക ദേശീയ വാദങ്ങള്‍ തുടങ്ങിയവയൊന്നും അവഗണിക്കാനോ ഒളിപ്പിച്ചുവയ്ക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം നടത്തിയ പ്രസംഗത്തില്‍ സംഘപരിവാറിന്റെ നീക്കങ്ങളിലുള്ള ആശങ്ക അവരുടെ പേരെടുത്തു പറയാതെ തന്നെ വിശദമാക്കി.
'പൗരത്വം എന്നതിന് ബാധ്യതകള്‍ എന്നര്‍ത്ഥമില്ല. സമ്പന്നമായ എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊണ്ട് രാജ്യത്തോടുള്ള മമതയും കൂറുമാണ് പൗരത്വം ആവശ്യപ്പെടുന്നത്. ദേശീയത എന്നാല്‍ ഇതാണ്. ഒരു ആഗോള സമൂഹത്തില്‍ ഇങ്ങനെ ആയിരിക്കുകയും വേണം,' അന്‍സാരി പറഞ്ഞു. ഉദാര ദേശീയ എന്നാല്‍ സഹിഷ്ണുതയും സ്വന്തം സമുദായത്തിലേയും മറ്റു സമുദായങ്ങളിലേയും വൈവിധ്യങ്ങളോടുള്ള ബഹുമാനവും ഉള്‍ക്കൊള്ളുന്ന ഒരു മാനസികാവസ്ഥയാണെന്ന് ഇസ്രയേലി പണ്ഡിത യേഇല്‍ തമീറിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
'സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി ദേശീയതയുടേയും ഭാരതീയതയുടേയും ഒരു ബഹുസ്വര കാഴ്ചപ്പാടിലായിരുന്നു നമ്മുടെ ചിന്താധാര വികസിച്ചു വന്നിരുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിനുള്ള പരമാവധി സാധ്യതകളെ ഈ സമീപനം പ്രതിഫലിപ്പിച്ചിരുന്നു. എന്നാല്‍ ഈയിടെയായി ഒരു വിഭാഗത്തെ മാത്രം മഹത്വവല്‍ക്കരിക്കുന്ന ബദല്‍ ചിന്താധാര നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് കൂടുതല്‍ ലോലമായിക്കൊണ്ടിരിക്കുന്ന ദേശീയ ബോധം. നിരപരാധിയാണെങ്കിലും എതിര്‍പ്പുകളെ ഇല്ലാതാക്കുമെന്ന് ഇത് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കു
'രാജ്യത്തിന് അകത്തു നിന്നും പുറത്തുനിന്നമുള്ള സുരക്ഷ ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ നിര്‍ബന്ധ ബാധ്യതയാണെന്നിരിക്കെ ഇവിടെ സൈനിക ശക്തിയെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത കണ്ടു വരുന്നു. അമിതാധികാരമുള്ള സൈനിക സ്ഥാപനങ്ങള്‍ ഏതു രൂപത്തിലുള്ള സര്‍ക്കാരിന്റെ കീഴിലായാലും സ്വാതന്ത്ര്യത്തിന് അശുഭകരമാണെന്ന ജോര്‍ജ് വാഷിങ്ടണിന്റെ മുന്നറിയിപ്പ് ഇവിടെ അവഗണിക്കപ്പെടുന്നു.'