ന്യൂദൽഹി- അലീഗഡ് യൂണിവേഴ്‌സിറ്റിയിൽ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു. സ്വന്തം ജാമ്യത്തിലാണ് വിട്ടയച്ചത്.
സ്വന്തം ജാമ്യത്തിൽ വിട്ടയക്കപ്പെട്ടു. ഇപ്പോൾ ഇൻഡിപെൻഡന്റ് ബനാന റിപ്പബ്ലിക് ഓഫ് ഉത്തർപ്രദേശിന്റെ അതിർത്തിയിലേക്ക് ആനയിക്കപ്പെടുന്നു
എന്നായിരുന്നു മോചിതനായ ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ ആദ്യട്വീറ്റ്. നേരത്തെ മുംബയിൽ വച്ചും കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
മധ്യ പ്രദേശിലെ ഗ്വാളിയോറിൽ നിന്നും ഉത്തർപ്രശിലെ അലിഗഢിലേക്കുള്ള യാത്രക്കിടെ രാവിലെ പതിനൊന്നു മണിയോടെയാണ് കണ്ണൻ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് സർവകലാശാലയിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു കണ്ണൻ ഗോപിനാഥൻ എത്തിയത്. യുപി പോലീസ് രാജ്പുത്താന ഹോട്ടലിൽ എത്തിച്ച വിവരം കണ്ണൻ ഗോപിനാഥൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ, പോലീസ് തനിക്കു കൈമാറിയ ഉത്തരവിൽ അലിഗഡിൽ പ്രവേശിക്കരുതെന്നാണുള്ളതെന്നും തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് ആഗ്രയിൽ വെച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോൺ പിടിച്ചെടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നും കണ്ണൻ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉള്ളതിനാലാണ് നടപടി എന്ന് വ്യക്തമാക്കിയ പോലീസ്, മജിസ്‌ട്രേറ്റ് ഉത്തരവ് കണ്ണൽ ഗോപിനാഥിന് കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി സജീവ സാന്നിധ്യമായിരുന്നു കണ്ണൻ ഗോപിനാഥൻ.
നേരത്തെ മുംബൈയിൽ വച്ചും സമാന കാരണമുന്നയിച്ച് കണ്ണൻ ഗോപിനാഥിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ് കേന്ദ്രഭരണ പ്രദേശം ആക്കിയ നടപടിയിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്നും കണ്ണൻ ഗോപിനാഥൻ രാജിവച്ചിരുന്നു. ഇതിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു