പട്‌ന-'2020ല്‍ നിതീഷിനെ പിടിച്ച് പുറത്താക്കൂ'. എന്തിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നതെന്ന് സംശയം വേണ്ട. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ജനതാദളിന്റെ മുദ്രാവാക്യമാണ് ഇത്. പുതിയ മുദ്രാവാക്യം കാലിത്തീറ്റ കുംഭകോണ കേസില്‍ അകത്തായ നേതാവ് ലാലു പ്രസാദ് യാദവാണ് തയ്യാറാക്കിയതെന്നതാണ് വൈരുദ്ധ്യം!ജയിലില്‍ കിടക്കുമ്പോഴും ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ തയ്യാറാകാത്ത ലാലു പ്രസാദ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാമെന്ന മോഹത്തിലാണ്. പുതുവര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറിന് ലാലുവിന്റെ മന്ത്രം പങ്കുവെയ്ക്കപ്പെട്ടത്. 'ദോ ഹസാര്‍ ബീസ്, ഹട്ടാവോ നിതീഷ്' എന്നാണ് ലാലു പ്രസാദ് തന്റെ ട്വിറ്ററില്‍ അണികള്‍ക്ക് സന്ദേശം പങ്കുവെച്ചത്.
ലാലുവിന്റെ ഓഫീസാണ് അഴിമതിക്ക് അകത്ത് കിടക്കുന്ന നേതാവിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നത്. ലാലുവിന്റെയും, കുടുംബാംഗങ്ങളുടെയും മേല്‍നോട്ടത്തിലാണ് ഇതില്‍ പോസ്റ്റുകള്‍ വരുന്നതും. ബിഹാറിലെ പ്രധാന രാഷ്ട്രീയ കക്ഷികളാണ് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും, ലാലു പ്രസാദിന്റെ ആര്‍ജെഡിയും.2015ല്‍ ബിജെപി വിജയം തടയാനായി നിതീഷും, ലാലുവും കൈകോര്‍ത്ത് മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പ് വിജയിച്ചു. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയും നിതീഷ് മുഖ്യമന്ത്രിയുമായി. എന്നാല്‍ 2017ല്‍ ലാലുവിന്റെ മകന്റെ ഇടപെടലുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇരുപാര്‍ട്ടികളും സഹകരണം അവസാനിപ്പിച്ചു. പഴയ സഖ്യകക്ഷിയായ ബിജെപിക്കൊപ്പം കൈകോര്‍ത്ത് നിതീഷ് അധികാരം നിലനിര്‍ത്തുകയും ചെയ്തു.