Sorry, you need to enable JavaScript to visit this website.

അസമിലെ തടങ്കൽ പാളയത്തിൽ ഒരാൾ കൂടി മരിച്ചു; മരണം 29 ആയി

ഗുവാഹത്തി- അസമിലെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്നവരിൽ ഒരാൾ കൂടി മരിച്ചു. തടങ്കൽ പാളയത്തിൽനിന്ന് പത്തുദിവസം മുമ്പ് ഗുവാഹത്തി മെഡിക്കൽ കോളെജിലേക്ക് അസുഖം കാരണം മാറ്റിയയാളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡിറ്റൻഷൻ ക്യാംപുകളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊൻപതായി. 
നിലവിൽ ആറ് തടങ്കൽ പാളയങ്ങളാണ് അസമിൽ പ്രവർത്തിക്കുന്നത്. ആയിരത്തോളം പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഏഴാമത്തെ ഡിറ്റൻഷൻ ക്യാംപ് ഗോൽപാറ ജില്ലയിൽ നിർമ്മാണത്തിലാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഫോറിൻ ട്രിബ്യൂണൽ അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയവരാണ് മരിച്ച 29 പേരും. അസമിലെ ആറ് തടങ്കൽപാളയത്തിൽ 25 പേർ മരിച്ചതായി കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന പാർലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു. ഇതിൽ ഏഴു പേർ 2018-19ലും ആറുപേർ ജൂലൈയിലും നാലു പേർ 2016ലും ഒരാൾ 2011-ലും മരിച്ചുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. ഇതിൽ രണ്ടു പേർ മാത്രമാണ് ബംഗാളിൽനിന്ന് എത്തിയത് എന്നാണ് കണ്ടെത്തിയത്. ബാക്കിയുള്ള എല്ലാവരുടെയും വിലാസം അസമിൽ തന്നെയായിരുന്നു. മരിച്ചവരുടെ മൃതശരീരം ബംഗ്ലദേശിലേക്ക് അയച്ചിട്ടില്ലെന്നും മന്ത്രി ചന്ദ്രമോഹൻ പത്തോവരി പറഞ്ഞിരുന്നു.

Latest News