തിരുവനന്തപുരം- ബിജെപി സംസ്ഥാന കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളെജ് കോഴ മറച്ചുവയ്ക്കാനായി കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നു തിരുവനന്തപുരത്തേതെന്ന സൂചന. കോഴ വിവാദത്തെ തുടര്‍ന്ന് ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും പിണറായി അറിയിച്ചു.
തിരുവനന്തപുരത്തെ ബിജെപി ആക്രമണം കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന പ്രതിപക്ഷ നിലപാട് മുഖ്യമന്ത്രി ശരിവച്ചു. പൊതുജന ശ്രദ്ധ തിരിച്ചുവിടാന്‍ തെറ്റായ മാര്‍ഗങ്ങള്‍ ബിജെപി സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ കോഴ അന്വേഷണം സിബിഐക്കു വിടാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും വിജിലന്‍സിന്റെ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.