Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രക്ഷോഭകര്‍ക്ക് അധികാരത്തിലെത്തിയാല്‍ പെന്‍ഷന്‍ അനുവദിക്കും: സമാജ്‌വാദി പാര്‍ട്ടി


ലഖ്‌നൗ- പൗരത്വഭേദഗതിയില്‍ പങ്കെടുക്കുന്ന പ്രക്ഷോഭകര്‍ക്ക് തങ്ങള്‍ അധികാരത്തിലേറിയാല്‍ പെന്‍ഷന്‍ അനുവദിക്കുമെന്ന വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി. കലാപകാരികളും സാമൂഹ്യവിരുദ്ധരുടെയും ഡിഎന്‍എയാണ് സമാജ്‌വാദി പാര്‍ട്ടിയുടേതെന്ന ബിജെപിയുടെ പ്രസ്താവനക്കുള്ള മറുപടിയാണിത്. പൗരത്വഭേദഗതി പ്രക്ഷോഭത്തില്‍ ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ ബന്ധുക്കള്‍ക്ക് തന്റെ പാര്‍ട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് സമാജ്‌വാദി നേതാവ് രാം ഗോവിന്ദ് ചൗധരി അറിയിച്ചു. തങ്ങളുടെ പാര്‍ട്ടി അധികാരത്തിലേറിയാല്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനായി പോരാടിയവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നും അദേഹം മാധ്യമങ്ങളുടെ ചോദ്യത്തിനായി ഉത്തരം നല്‍കി.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് എസ്പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് സ്വതന്ത്രസിങ്  പ്രസ്താവന നടത്തിയത്. ഹിന്ദുക്കള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മനസിലാകണമെങ്കില്‍ എസ്പി നേതാവ് അഖിലേഷ് യാദവ് ഒരു മാസം പാകിസ്താനില്‍ നില്‍ക്കണമെന്നായിരുന്നു അദേഹം പറഞ്ഞത്. കൂടാതെ എസ്പിയുടെ ഡിഎന്‍എയില്‍ കലാപകാരികളും സാമൂഹ്യദ്രോഹികളുമാണെന്നും അദേഹം ആരോപിച്ചിരുന്നു.
 

Latest News