Sorry, you need to enable JavaScript to visit this website.

ആർട്‌സ്, കൊമേഴ്‌സ് വിദ്യാർഥികൾക്കും നഴ്‌സുമാരാകാം

ന്യൂദൽഹി- ബി.എസ്.സി നഴ്‌സിംഗ് പഠനത്തിന് ആർട്‌സ്, കൊമേഴ്‌സ് വിദ്യാർഥികൾക്ക് കൂടി അവസരം ഒരുക്കി ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ. നഴ്‌സിങ് കോഴ്‌സിന് എല്ലാ വിഭാഗങ്ങളിൽ നിന്നുളളവർക്കും അപേക്ഷിക്കാൻ കഴിയുംവിധം ചട്ടം ഭേദഗതി ചെയ്യാനുള്ള കരടു നിയമത്തിന് കൗൺസിൽ രൂപം നൽകി. നിലവിൽ ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് മാത്രമേ ബിഎസ്‌സി നഴ്‌സിഗിന് അപേക്ഷിക്കാൻ സാധിക്കൂ. മാനവിക വിഷയങ്ങൾ പഠിച്ച പ്ലസ്ടു വിദ്യാർത്ഥികൾക്കും ബി.എസ്‌സി നഴ്‌സിംഗിന് അപേക്ഷിക്കാൻ കഴിയുംവിധം ചട്ടം ഭേദഗതി ചെയ്യാനാണ് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ തയാറെടുക്കുന്നത്.
ബി.എസ്‌സി നഴ്‌സിംഗിനുളള പ്രവേശന പരീക്ഷ എല്ലാ വിഭാഗങ്ങളിൽ നിന്നുളളവർക്കും എഴുതാൻ സാധിക്കുന്ന കരടു ചട്ടത്തിനാണ് രൂപം നൽകിയിരിക്കുന്നത്. കരടു ചട്ടത്തിന്മേൽ വിദഗ്ധരിൽ നിന്ന് കൗൺസിൽ നിർദേശങ്ങൾ തേടുകയും ചെയ്തു. കരടു ചട്ടത്തിന് അംഗീകാരം ലഭിച്ചാൽ രാജ്യത്ത് ഒട്ടാകെ ഇത് നിലവിൽ വരും. ഇതോടെ കോളേജുകളിൽ ബി.എസ്‌സി നഴ്‌സിംഗിന് ചേരാനുളള പ്രവേശന പരീക്ഷയിൽ മാനവിക വിഷയങ്ങളിൽ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിക്കും. പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്കാവും പ്രവേശന പരീക്ഷ എഴുതാനുളള യോഗ്യത#ാ മാനദണ്ഡമായി നിശ്ചയിക്കുക.
2021 ആകുമ്പോൾ രാജ്യത്ത് ജനറൽ നഴ്‌സിംഗ് അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ ശാസ്ത്ര ഇതര വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസാകുന്നവർക്ക് നഴ്‌സിംഗ് പഠിക്കാനുളള സാധ്യത ഇല്ലാതെയാകും. നിലവിൽ നിരവധി പേർ ഇത്തരത്തിൽ ജനറൽ നഴ്‌സിംഗിന് ചേർന്ന് പഠിച്ച് വിവിധ ആശുപത്രികളിൽ ഉയർന്ന ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്. ഈ അവസരം ജനറൽ നഴ്‌സിംഗ് നിർത്തലാക്കുന്നതോടെ ശാസ്ത്ര ഇതര വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസാകുന്നവർക്ക് നഷ്ടമാകും. ഇത് മുന്നിൽ കണ്ടാണ് എല്ലാ വിഭാഗങ്ങൾക്കും അപേക്ഷിക്കാൻ കഴിയും വിധം ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിന്റെ മാനദണ്ഡം ഭേദഗതി ചെയ്യാൻ നഴ്‌സിംഗ് കൗൺസിൽ തീരുമാനിച്ചത്.
 

Latest News