ലക്നോ - പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച മുന്‍ ഐപിഎസ് ഓഫിസറും കോണ്‍ഗ്രസ് നേതാവും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തര്‍പ്രദേശ് കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ 19ന് പൗരാവകാശ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ്സ് നേതാവ് സദഫ് ജാഫര്‍, മുന്‍ ഐപിസ് ഓഫിസര്‍ ദാരാപുരി, പവന്‍ റാവൂ അംബേദ്കര്‍ തുടങ്ങിയവര്‍ക്കാണ് 14 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാകോടതിയാണ് ജാമ്യം അനുവദിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട എഫ് ഐ ആറിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹറജിയില്‍ കോടതി സര്‍ക്കാരിനോട് രണ്ടാഴ്ച്ചയ്ക്കക്കം വിശദീകരണം നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുപി സര്‍ക്കാര്‍ മനുഷ്യത്വമില്ലായ്മയുടെ എല്ലാ സീമകളും കടന്നിരിക്കുകയാണെന്ന് സദഫ് ജാഫറിന്റെ അറസ്റ്റ് സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക നേരത്തെ പ്രതികരിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണ് ജാഫറിനെ പൊലീസ് ജയിലില്‍ അടച്ചിരിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേരെയാണ് യുപിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്.