ന്യൂദല്‍ഹി- പൗരത്വ പ്രക്ഷോഭകരെ റോഡില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്. പ്രക്ഷോഭങ്ങള്‍ കാരണം നോയിഡ-കലിന്ദികുഞ്ച് റോഡ് ബ്ലോക്ക് ആയ സാഹചര്യത്തിലാണ് ബിജെപി നേതാവ് ബ്രഹാംസിങ് സൗത്ത് ഈസ്റ്റ് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് എഴുതിയത്.
48 മണിക്കൂറിനുള്ളില്‍ റോഡ് തുറന്നിട്ടില്ലെങ്കില്‍ ബിജെപിയുടെ ഓഖ്‌ല യൂനിറ്റ് ധര്‍ണ നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും,സാമൂഹ്യവിരുദ്ധര്‍ കാരണം ബിസിനസുകാരും വിദ്യാര്‍ത്ഥികളും ഓഫീസ് ജോലിക്കാരും ബുദ്ധിമുട്ടുകയാണെന്നും അദേഹം പറഞ്ഞു. ആംആദ്മിയും കോണ്‍ഗ്രസും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുന്നുവെന്നും അവര്‍ പ്രശ്‌നം രാഷ്ട്രീയവത്കരിച്ചുവെന്നും ഇദേഹം ആരോപിച്ചു. ഷഹീന്‍ബാഗില്‍ പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭങ്ങള്‍ പതിവായ സാഹചര്യത്തില്‍ റോഡ് അടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ബ്രഹം സിംഗിന്റെ ആരോപണം. റോഡില്‍ നിന്ന് പ്രക്ഷോഭകരെ നീക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം ബിജെപി പ്രവര്‍ത്തകര്‍ സരിത വിഹാര്‍ എച്ച് ബ്ലോക്ക് മാര്‍ക്കറ്റില്‍ നിന്നും അപ്പോളോ ആശുപത്രിയുടെ സമീപത്തുള്ള ഡിസിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഖ്‌ല മണ്ഡലത്തില്‍ നിന്ന് ബിജെപിക്കായി മത്സരിച്ച ബ്രഹം സിംഗ് ആംആദ്മിയുടെ അമാനത്തുള്ളഖാനോടാണ് പരാജയപ്പെട്ടത്.