പട്‌ന- ബിഹാറിൽ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ മുസ്്‌ലിം കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആറുപേരിൽ രണ്ടു പേർ തീവ്ര ഹിന്ദു സംഘടനയിൽ അംഗമായവർ. പൗരത്വ നിയമഭേദഗതിക്കും എൻ.ആർ.സിക്കുമെതിരെ ആർ.ജെ.ഡി നടത്തിയ പ്രക്ഷോഭത്തിന് ശേഷം കാണാതായ പതിനെട്ടു വയസുള്ള അമിർ ഹൻസാലയുടെ മൃതദേഹം കഴിഞ്ഞ മാസം 31-ന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് തീവ്ര ഹിന്ദു സംഘടനയിൽ അംഗമായ രണ്ടു പേരെ പോലീസ് പിടികൂടിയത്. ഹിന്ദുപുത്ര സംഘടനയുടെ നാഗേഷ് സാമ്രാട്ട്(23), ഹിന്ദു സമാജ് സംഘടനയുടെ വികാസ് കുമാർ(21) എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പിടികൂടിയത്.
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് ബലംപ്രയോഗിച്ച് തുടങ്ങിയപ്പോൾ ചിതറി ഓടിയ അമീർ സൻകത് ഗല്ലിയിൽ അക്രമികളുടെ കയ്യിൽ പെടുകയായിരുന്നു. അക്രമികൾ ഇഷ്ടികയും മറ്റും ഉപയോഗിച്ച് അമീറിനെ ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. തലയിൽ നിരവധി തവണ അടിയേറ്റതിന്റെയും ശരീരത്തിൽ വെട്ടേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
തന്റെ മകൻ ഇന്ത്യൻ ദേശീയ പതാകയും കയ്യിലേന്തിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ഇതിൽ എന്താണ് തെറ്റെന്നും ആമിറിന്റെ പിതാവ് സുഹൈൽ അഹമ്മദ് ചോദിക്കുന്നു. ആമിറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദീപക് മഹ്‌തോ, ഛോട്ടു മഹ്‌തോ, സനോജ് മഹ്‌തോ എന്ന ദെൽവ, റൈസ് പാസ്വാൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അറിയപ്പെടുന്ന ക്രിമിനലുകളാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയ ശേഷം ഇവർ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ 21 ന് പട്‌നയിലുണ്ടായ സാമുദായിക സംഘർഷത്തിന് പിന്നിൽ തീവ്ര ഹിന്ദു സംഘടനകളിൽ അംഗമായ നാഗേഷ് സാമ്രാട്ടും വികാസ് കുമാറുമാണെന്നാണ് പോലീസ് പറയുന്നത്. എല്ലാ ഹിന്ദു സഹോദരങ്ങളും പുൽവാരി ഷരീഫിലേക്ക് വരണമെന്നും പോലീസ് ഹിന്ദുക്കളെ പീഡിപ്പിക്കുകയാണെന്നും ഇവർ ഫെയ്‌സ്ബുക്കിലൂടെ ലൈവിട്ടിരുന്നു. ഈ സംഘടനകളുടെ മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. പത്താം ക്ലാസിന് ശേഷം പഠനം അവസാനിപ്പിച്ച് പുൽവാരി ഷരീഫ് മേഖലയിൽ ബാഗ് തുന്നുന്ന ജോലിയെടുത്താണ് അമീർ ഹൻസാല ഉപജീവനം നടത്തിവന്നിരുന്നത്.