Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ ബിജെപി സര്‍ക്കാരില്‍ പൊട്ടിത്തെറി; സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ സര്‍ക്കാരിനെതിരെ റാലിയെന്ന് ബിജെപി എംഎല്‍എ


ത്രിപുര- ത്രിപുരയില്‍ ബിജെപി സര്‍ക്കാരുമായി ഇടഞ്ഞ് ഒരുവിഭാഗം എംഎല്‍എമാര്‍ . സ്ത്രീകള്‍ക്ക്  എതിരായി സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരാനാണ് ബിജെപി എംഎല്‍എ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ബിജെപി എംഎല്‍എമാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി രാഷ്ട്രീയം നോക്കതെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് സുദീപ് ബര്‍മ്മന്‍ കത്തെഴുതി. റാലിയില്‍ ബിജെപി മഹിളാ മോര്‍ച്ചാ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. 2014ല്‍ ടാറ്റാ കാലിബാരി അതിക്രമത്തിന് ഇരയായ സോമ മജുംദാറാണ് റാലിയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം ഈ റാലിയില്‍ പങ്കെടുക്കരുതെന്ന് ബിജെപി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ബിജെപിസര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ നടക്കുന്ന നീക്കമാണെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. അതേസമയം എന്തുവില നല്‍കിയും ഈ റാലി വിജയിപ്പിക്കുമെന്നും തനിക്ക് ബിജെപിഎംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സുദീപ് ബര്‍മ്മന്‍ എംഎല്‍എ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ 22 മാസങ്ങളായി സംസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തുന്നതില്‍ വന്‍ വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഓരോ ദിവസവും അഞ്ച് സ്ത്രീകളെങ്കിലും ആക്രമിക്കപ്പെടുന്നതായും റാലിയോട് ഐക്യദാര്‍ഢ്യം അറിയിച്ച് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ആവശ്യപ്പെടുന്ന കേസുകളില്‍ മാത്രമാണ് നീതിയുള്ളത്. മന്ത്രിമാരുടെയോ എംഎല്‍എമാരുടെയോ പരാതികളും നിര്‍ദേശങ്ങള്‍ക്കുമൊന്നും സംസ്ഥാനത്ത് പൊലീസിനിടയില്‍ ഒരു വിലയുമില്ലെന്നും ജനങ്ങള്‍ ആരോപിച്ചു.
 

Latest News