ന്യൂദൽഹി- പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽനിന്നും പിൻവാങ്ങാതെ ഇന്ത്യയിലെ തെരുവുകളിൽ ഇന്നും പ്രക്ഷോഭകർ ഒത്തുകൂടി. ദൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാർഥികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രക്ഷോഭകർ യൂണിവേഴ്‌സിറ്റിക്ക് മുന്നിലെ റോഡിൽ ചിത്രങ്ങൾ വരച്ചു പ്രതിഷേധിച്ചു. മോഡിയുടെയുടെയും അമിത് ഷായുടെയും ചിത്രങ്ങളും നോ എൻ.ആർ.സി, നോ സി.എ.എന്നീ മുദ്രാവാക്യങ്ങളുമായാണ് റോഡിൽ പ്രതിഷേധ വര തീർത്തത്. കൊൽക്കത്തയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു. റിപ്പബ്ലിക് ദിനത്തിൽ ബംഗാൾ അവതരിപ്പിക്കാനിരുന്ന ടാബ്ലോ കേന്ദ്രം നിരസിച്ചതിനെ ബംഗാൾ മന്ത്രി മദൻ മിത്ര രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബംഗാളിന്റെ ടാബ്ലോ കേന്ദ്രത്തിന് നിഷേധിക്കാൻ അവകാശമുള്ളത് പോലെ എൻ.ആർ.സിയും സി.എ.എയും നിരോധിക്കാൻ ബംഗാളിന് അധികാരമുണ്ടെന്ന് മദൻ മിത്ര പറഞ്ഞു.
അതിനിടെ, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് പുതിയ പൗരത്വനിയമം മാറ്റം വരുത്തില്ലെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു. ഈ രാജ്യങ്ങളിലെ മറ്റു മതസ്ഥർക്ക് പൗരത്വം തേടുന്നതിൽ പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ പൗരത്വനിയമത്തിനെതിരായ പ്രതിഷേധക്കാർ മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റെ കോലം കെട്ടിത്തൂക്കി. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭത്തിൽ പങ്കെടുത്ത 56 പേർക്ക് യു.പിയിലെ വരാണസി കോടതി ജാമ്യം നൽകി. ഒന്നര വയസുള്ള കുട്ടിയുടെ മാതാപിതാക്കളായ ഏക്ത, രവി ശേഖർ എന്നിവരും ജാമ്യം ലഭിച്ചവരിലുണ്ട്. പൗരത്വനിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേരളം പാസാക്കിയത് പോലുള്ള പ്രമേയം അംഗീകരിക്കണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്.