ന്യൂദൽഹി- സർക്കാർ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളുടെ നല്ല നടത്തിപ്പിനായി സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്ന നിർദേശവുമായി നീതി ആയോഗ്. പുതിയതോ നിലവിലുള്ളതോ ആയ സ്വകാര്യ മെഡിക്കൽ കോളേജുകളുമായി സർക്കാർ ആശുപത്രികളെ ബന്ധിപ്പിച്ചു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നടത്തിപ്പാണ് നീതി ആയോഗ് മുന്നോട്ടു വെക്കുന്ന നിർദേശം. രാജ്യത്ത് മിടുക്കരായ ഡോക്ടർമാരുടെ അപര്യാപ്തതയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അപാകതകളും കണക്കിലെടുത്താണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ഗുണനിലവാരമുള്ള ഡോക്ടർമാരുടെ വലിയ കുറവുണ്ട്. നിലവിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തങ്ങളുടെ പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ സാമ്പത്തിക സ്ഥിതിയും വെച്ചു സാധ്യമാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആശുപത്രികളുടെ നടത്തിപ്പിലൂടെയേ ഇത് പരിഹരിക്കാനാകൂ. ജില്ലാ സർക്കാർ ആശുപത്രികളെ നിലവിലുള്ളതോ പുതിയതോ ആയ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിച്ചു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തിയാൽ നിലവിലുള്ള മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചെലവ് കുറയ്ക്കാനും കഴിയുമെന്നും നീതി ആയോഗ് നിർദേശിക്കുന്നു.
നീതി ആയോഗ് പുറത്തിറക്കിയ 250 പേജുള്ള കരട് രേഖയിലാണ് ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നത്. മെഡിക്കൽ കോളജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും. ചുരുങ്ങിയത് 750 ബെഡ്ഡുകളെങ്കിലുമുള്ള ജില്ലാ ആശുപത്രികളാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകുന്നതോടെ രണ്ടുതരത്തിലുള്ള ഫീസുകളാവും കിടത്തി ചികിത്സയ്ക്ക് ഈടാക്കുക. പകുതി കിടക്കകൾക്ക് സ്വകാര്യ മേഖലയിലെ നിരക്കായിരിക്കും വാങ്ങുക. സൗജന്യചികിത്സയ്ക്ക് അർഹരായവർക്ക് സബ്‌സിഡി നിരക്കിലുള്ള ചികിത്സ തുടരുകയും ചെയ്യും. ഇതാണ് കരടിലെ പ്രധാന നിർദേശം. ഇതിനു പുറമേ ജില്ലാ ആശുപത്രികളെ 150 എം.ബി.ബി.എസ് സീറ്റുകൾ ഉള്ള മെഡിക്കൽ കോളജുകളായി ഉയർത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ കരട് മാതൃകയിൽ കർണാടകയിലും ഗുജറാത്തിലും ഇത്തരത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആശുപത്രികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മേഖലയിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചശേഷം വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും. പുതിയ പദ്ധതിയിലൂടെ മെഡിക്കൽ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്‌നങ്ങളും ഡോക്ടർമാരുടെ കുറവുകളും അടക്കം പരിഹരിക്കപ്പെടുമെന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടൽ. മാത്രമല്ല, പകുതി ബെഡ്ഡുകൾക്ക് സ്വകാര്യ മേഖലയിലെ നിരക്ക് ഈടാക്കുന്നതോടെ അവശേഷിക്കുന്ന ബെഡ്ഡിലുള്ള പാവപ്പെട്ടവർക്ക് മികച്ച ചികിൽസ നൽകുന്നതിനുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കപ്പെടുമെന്നുമാണ് നീതി ആയോഗിന്റെ വിലയിരുത്തൽ.
നീതി ആയോഗിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിർദേശത്തിൽ സംസ്ഥാനങ്ങൾക്കും പൊതുജനങ്ങൾക്കും ഉൾപ്പടെ ജനുവരി പത്തുവരെ അഭിപ്രായം രേഖപ്പെടുത്താം. തുടർന്ന് ജനുവരി 21ന് ഡൽഹി നീതി ആയോഗ് ആസ്ഥാനത്ത് ഇതു സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനായി യോഗം ചേരും.