ദുബായ്- ഗൾഫിൽനിന്ന് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോതിൽ വൻ ഇടിവ്. ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ആഘോഷവേളകളുണ്ടായിട്ട് കൂടി പ്രവാസികളുടെ പണമയക്കലിൽ വൻ കുറവ് വന്നുവെന്നാണ് വിവിധ മണി എക്സേഞ്ചുകളിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. അയക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും അയക്കുന്ന പണത്തിന്റെ തോതിൽ എഴുപത്തിയഞ്ച് ശതമാനത്തോളം ഇടിവ് വന്നുവെന്നാണ് കണക്കാക്കുന്നത്. നേരത്തെ അരലക്ഷം രൂപ പ്രതിമാസം അയച്ചിരുന്നവർ പതിനയ്യായിരത്തിൽ താഴെ മാത്രമേ ഇപ്പോൾ അയക്കുന്നുള്ളൂവെന്നാണ് മണി വിവിധ മണി എക്സേഞ്ചുകളിൽ ജോലി ചെയ്യുന്നവർ പറയുന്നത്.
ബഹ്റൈനിലെ പ്രമുഖ മണി എക്സേഞ്ചുകളിൽ പലതിലും ഡിസംബറിന്റെ അവസാനത്തിലും ജനുവരിയുടെ തുടക്കത്തിലും പണം അയക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം, ക്രിസ്തുമസ് അവധിക്കാലത്തിന് മുന്നോടിയായുള്ള പണമയക്കലിലും കുറവ് വന്നിട്ടുണ്ട്. സാധാരണ ആഘോഷവേളകളിൽ ഇന്ത്യയിലേക്ക് കാര്യമായ തോതിൽ തന്നെ പണമയക്കലുണ്ടാകാറുണ്ട്. ദുബായ്, സൗദി, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.
പ്രവാസികൾക്കിടയിലുണ്ടായ സാമ്പത്തിക പ്രയാസത്തിന് പുറമെ, ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭവും പണമയക്കലിൽ ഇടിവ് വരാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന. അത്യാവശ്യത്തിന് മാത്രമുള്ള പണം അയക്കുകയും ബാക്കി അതാത് രാജ്യത്തെ ബാങ്കുകളുടെ എക്കൗണ്ടിൽ സൂക്ഷിക്കുകയുമാണ് പ്രവാസികൾ ചെയ്യുന്നത്. ഗൾഫ് കറൻസി സൂക്ഷിച്ചുവെച്ചാൽ പോലും കാര്യമായ തോതിൽ വർധനവ് വരുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയുകയും വിദേശ കറൻസികളുടെ മൂല്യം സ്വാഭാവികമായി കൂടുകയും ചെയ്യുന്നു. വിദേശ കറൻസി വെറുതെ എടുത്തുവെച്ചാൽ പോലും മൂല്യം വർധിക്കുമെന്നതിനാൽ പ്രവാസികൾ ഏറെയും ഈ രീതിയാണ് അവലംബിക്കുന്നത്.
ഇതിന് പുറമെ നാട്ടിലെ ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുന്നതിന്റെ തോതും കൂടിയിട്ടുണ്ട്. ഇന്ത്യയിൽ സംരംഭം തുടങ്ങാൻ ലക്ഷ്യമിട്ട പലരും ഇപ്പോൾ അതിൽനിന്ന് പിൻവാങ്ങുകയാണ്. പുതിയ സംരംഭങ്ങളൊന്നും ഈയടുത്ത നാളുകളിൽ ഇന്ത്യയിൽ തുടങ്ങിയിട്ടില്ല. നിലവിലുള്ളവയിൽനിന്ന് തന്നെ സംരംഭകർ പതുക്കെ പിൻവാങ്ങുകയും ചെയ്യുന്നു. നാട്ടിലെ ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപയാണ് പലരും പിൻവലിച്ച് വിദേശ മാർക്കറ്റിലേക്ക് നീക്കുന്നത്. ബിസിനിന് പറ്റിയ അവസ്ഥയല്ല ഇന്ത്യൻ മാർക്കറ്റിലുള്ളതെന്നാണ് സംരംഭകർ കരുതുന്നത്. ഓൺലൈൻ മാർക്കറ്റിലേക്ക് ഭൂരിഭാഗം ആളുകൾ മാറിയതും പ്രാദേശിക വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. സ്വദേശത്തേക്ക് പണം അയക്കുന്നതിന് വേണ്ടി വിവിധ മണി എക്സേഞ്ചുകൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടും കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.