മനാമ- നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകർക്കാനുളള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ പിക്കാൻ പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം ആഹ്വാനം ചെയ്തു. ഗൾഫ് രാജ്യങ്ങളുൾപ്പെടെയുളള അന്താരാഷ്ട്ര വേദികളിൽ നമ്മുടെ രാഷ്ട്രനേതാക്കൾ അഭിമാനത്തോടെ വിവരിക്കുന്ന ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഉടൻ റദ്ദ് ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, പ്രതിഭ, കെ.സി.എ, സമസ്ത ,ഐ.സി.എഫ്, ഫ്രന്റ്‌സ് അസോസിയേഷൻ ,പ്രേരണ, ഭൂമിക, ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, ഐ. വൈ. സി. സി, മാറ്റ്, ആപ്പ്, നവകേരള,സോഷ്യൽ വെൽഫെയർ, യൂത്ത് ഇന്ത്യ, അൽ ഹിദായ, മലയാളി ബിസിനസ് ഫോറം, ഇന്ത്യൻ സലഫി സെന്റർ(റിഫ) തുടങ്ങിയ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിന്റെ ഒപ്പു ശേഖരണവും നടന്നു. ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമർത്തുന്നതിൽ പതിഷേധിച്ച സംഗമം ജാതിമതഭാഷാ ഭേദമന്യേ മുഴുവൻ മനുഷ്യരും പ്രതിഷേധിക്കാനിങ്ങണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞ ചൊല്ലി. ഇന്ത്യയിൽ ജനിച്ചു വളർന്നവരെ മതം നോക്കി തരം തിരിച്ച് ഒഴിവാക്കാനുളള പദ്ധതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്ററും (എൻ.എർ.സി) നവീകരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻ.പി.ആറും) പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ സംഗമം ആവശ്യപ്പെട്ടു. ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ ട്രഷറർ മഹേഷ് മൊറാഴ പ്രമേയം അവതരിപ്പിച്ചു. ഇ.എ.സലീം, നിസാർ കൊല്ലം, എം.സി അബ്ദുൽ കരീം, യൂനുസ് സലീം എന്നിവർ വിഷയം അവതരിപ്പിച്ചു. ജമാൽ ഇരിങ്ങൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്.വി.അബ്ദുൾ ജലീൽ, സ്റ്റാലിൻ, വർഗീസ് കാരക്കൽ, എബ്രഹാം ജോൺ, ഷെമിലി പി.ജോൺ, രാജു കല്ലുംപുറം, രാജൻ പയ്യോളി, കെ.ടി .സലീം, പങ്കജ് നഭൻ, റഫീഖ് അബ്ദുല്ല അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു.