മുംബൈ- കാഴ്ച പരിമിതിയുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാനായി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി ആര്‍ബിഐ. മൊബൈല്‍ എയ്ഡഡ് നോട്ട് ഐഡന്റിഫയര്‍ എന്നതിന്റെ ചുരുക്കരൂപമായ MANI എന്നാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ നിന്നോ ഐഓഎസ് ആപ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് മഹാത്മാഗാന്ധി സിരീസ്, മഹാത്മാഗാന്ധി പുതിയസീരിസ് അടക്കമുള്ള ഇന്ത്യന്‍ നോട്ടുകളുടെ മൂല്യം അറിയാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. ഓഡിയോ,നൊണ്‍-സോണിക് അറിയിപ്പുകളാണ് ലഭിക്കുക. നോട്ട് നിരോധനത്തിന് ശേഷം 10, 100, 500, 2000, 50 രൂപകളുടെ പുതിയ കറന്‍സികള്‍ വിപണിയിലിറക്കിയിരുന്നു. ഇവ തിരിച്ചറിയാന്‍ കാഴ്ചപരിമിതര്‍ കൂടുതല്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ ആപ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
നിലവിലുള്ള കറന്‍സി തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഭാഷ തെരഞ്ഞെടുക്കാനും ഭാഷ മാറ്റാനും ,വൈകല്യം ഏതാണെന്ന് തെരഞ്ഞെടുക്കാനും മാറ്റിനല്‍കാനും വോയ്‌സ് കമാന്റുകളും ക്യാമറയും ഉപയോഗിച്ച് കറന്‍സി തിരിച്ചറിയാനും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതി. അതേസമയം വ്യാജനോട്ടുകള്‍ തിരിച്ചറിയാന്‍ ഈ അപ്ലിക്കേഷന് സാധിക്കില്ലെന്ന പരിമിതിയും ആര്‍ബിഐ തുറന്നുപറഞ്ഞിട്ടുണ്ട്