Sorry, you need to enable JavaScript to visit this website.

48 മണിക്കൂര്‍ 10 കുഞ്ഞുങ്ങളുടെ മരണം;രാജസ്ഥാന്‍ കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുമരണം തുടര്‍ക്കഥ


കോട്ട: രാജസ്ഥാന്‍ സര്‍ക്കാരിന്റെ ജെകെ ലോണ്‍ ആശുപത്രിയില്‍ 48 മണിക്കൂറില്‍ പത്ത്  ശിശുമരണം. ബുധനാഴ്ചയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 23,ഡിസംബര്‍ 24നുമാണ് ഈ മരണങ്ങള്‍ സംഭവിച്ചത്.  ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം നൂറായി വര്‍ധിച്ചു. കോട്ട ആശുപത്രിയില്‍ നേരത്തെയും കുഞ്ഞുങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ദേശീയ ബാലവകാശ കമ്മീഷന്‍ ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.ഡിസംബര്‍ 30 ന് നാല് കുഞ്ഞുങ്ങളും ഡിസംബര്‍ 31ന് അഞ്ച് കുഞ്ഞുങ്ങളും മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ദുലാര അറിയിച്ചു. 2014 മുതല്‍ 1198 കുഞ്ഞുങ്ങളുടെ മരണമാണ് കോട്ട ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

2019ല്‍ മരണനിരക്ക് കുറഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ അവകാശവാദം. അതേസമയം ആശുപത്രിയില്‍ ചികിത്സാ ഉപകരണങ്ങള്‍ നവീകരിക്കാനും സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്ലൈ  സ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞതായും 15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിജയ് സര്‍ദന അറിയിച്ചു. അണുബാധയും തണുപ്പുമാണ് കുഞ്ഞുങ്ങളുടെ മരണകാരണമായി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ കണ്ടെത്തല്‍.

Latest News