Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതുവത്സരത്തിലും പൗരത്വ നിയമത്തിനെതിരെ ദൽഹിയിൽ സമരത്തിന്റെ ആരവം

ന്യൂദൽഹി- പുതുവത്സരാഘോഷം പൗരത്വനിയമ ഭേദഗതിക്ക് എതിരായ സമരമാക്കി ദൽഹിയിലെ സ്ത്രീകളും യുവാക്കളും. ഇന്ത്യയുടെ ഭരണഘടനയെ തകർത്ത് മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വനിയമത്തിനെതിരെ ശക്തമായി പോരാടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദൽഹിയിലെ കൊടുംതണുപ്പിലും ആയിരക്കണക്കിന് പേർ സമരവുമായി രംഗത്തിറങ്ങിയത്. പൗരത്വം പരിഗണിക്കുന്നതിന് മതം മാനദണ്ഡമാക്കി മോഡി സർക്കാർ ഡിസംബർ 12ന് നിയമം പാസാക്കിയത് മുതൽ ദൽഹിയിൽ സമരം തുടരുകയാണ്. മുസ്‌ലിംകളെ രാജ്യത്ത്‌നിന്ന് പുറംതള്ളാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷങ്ങൾ രാജ്യത്തുടനീളം പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. 
കഴിഞ്ഞ പതിനെട്ട് ദിവസമായി ദൽഹിയിലെ ഷഹീൻ ബാഗിൽ നാട്ടുകാർ പ്രധാനപ്പെട്ട ഹൈവേ തടഞ്ഞ് രാപകൽ സമരത്തിലാണ്. 
25-കാരനായ ഇർഷാദ് ആലം തന്റെ ഒരു വയസുള്ള മകനെ കയ്യിൽ ചേർത്തുപിടിച്ചാണ് സമരപ്പന്തലിലുള്ളത്. കൂടെ ഭാര്യയുമുണ്ട്. സമരം നടക്കുന്ന മുഴുവൻ ദിവസങ്ങളിലും ഇർഷാദ് ആലം ഇവിടെയുണ്ട്. ഇവിടം തണുത്തുവിറക്കുകയാണ്. എങ്കിലും ഞങ്ങൾ ഈ സമരത്തിന്റെ ഭാഗമായി ഇവിടെ നിലയുറപ്പിക്കുകയാണെന്ന് ഇർഷാദ് ആലം പറഞ്ഞു. 
പോലീസ് തങ്ങളെ ഒരു ദിവസം അടിച്ചോടിക്കുമെന്ന് ഓരോ സമരക്കാരനും അറിയാം. അവർ അത് പ്രതീക്ഷിച്ചാണിരിക്കുന്നതും. 
പോലീസിന്റെ നടപടി ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷെ ഇവിടെ തടിച്ചുകൂടിയ ജനത്തിന് പേടിയില്ല. ഈ ലക്ഷ്യത്തിന് വേണ്ടി ജീവൻ നൽകാൻ പോലും തയ്യാറാണ്. നിയമം സർക്കാർ പിൻവലിക്കുന്നത് വരെ ഇവിടെനിന്ന് മടങ്ങിപ്പോകില്ലെന്ന് മറ്റൊരു സമരക്കാരൻ മഖ്‌സൂദ് ആലം പറഞ്ഞു. പുതുവത്സര രാത്രിയിൽ സമരപ്പന്തലിൽ ദേശീയ ഗാനം ചൊല്ലിയാണ് പ്രതിഷേധക്കാർ പുതുവർഷത്തെ സ്വാഗതം ചെയ്തത്. 


ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായി ആയിരങ്ങൾ ഇന്നലെ ഇന്ത്യാ ഗേറ്റിന് മുന്നിൽ തടിച്ചുകൂടി. പൗരത്വനിയമത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. കൂടുതൽ പ്രതിഷേധക്കാർ എത്തുന്നത് തടയാൻ അഞ്ച് മെട്രോ സ്റ്റേഷനുകൾ അധികൃതർ അടച്ചു. സെൻട്രൽ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവൻ, പ്രഗതി മൈതാൻ, ഖാൻ മാർക്കറ്റ്, മണ്ഡി ഹൗസ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. 
ഇതിന് പുറമെ പാർലമെന്റ് സ്ട്രീറ്റിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിന് പരിസരത്തും പ്രതിഷേധം അരങ്ങേറി. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വനിയമ ഭേദഗതിക്കും എതിരാണ് തങ്ങളുടെ പുതുവർഷ പ്രതിജ്ഞയെന്ന് ഒരു സമരക്കാരൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം ഒരു രേഖയും കാണിക്കാൻ പോകുന്നില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ദേശീയ പൗരത്വ രജിസ്റ്ററിന് അധികൃതർ ആവശ്യപ്പെടുന്ന ഒരു രേഖയും കാണിക്കില്ലെന്ന് ഈ ദശകത്തിലെ ആദ്യ ദിവസമായ ഇന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും ഭരണഘടന വിരുദ്ധവും ഇന്ത്യാവിരുദ്ധവുമായ നിയമം തള്ളിക്കളയുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. രാജ്യത്തിലെ പൗരൻമാരെ മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിൽ വേർതിരിക്കരുത്. എല്ലാവർക്കും തുല്യഅവകാശമാണ് ഭരണഘടന ഉറപ്പുനൽകുന്നതെന്നും ഇത് തകർക്കാൻ അനുവദിക്കില്ലെന്നും ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് എൻ. സായ് ബാലാജി വ്യക്തമാക്കി. ദൽഹിക്ക് പുറമെ, ചണ്ഡിഗഡ്, ബംഗളൂരു എന്നിവിടങ്ങളിലും  പ്രതിഷേധം നടന്നു.

Latest News