Sorry, you need to enable JavaScript to visit this website.

പ്രതിഷേധം മറികടക്കാൻ പൗരത്വം ഓൺലൈൻ വഴിയാക്കാൻ കേന്ദ്രനീക്കം

ന്യൂദൽഹി- മൂന്നു രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ ഒഴികെയുള്ളവർക്ക് പൗരത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പൗരത്വ നടപടികളിൽ നിന്നും സംസ്ഥാനങ്ങളെ പൂർണമായി അകറ്റി നിർത്തുന്നതിനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നീക്കം.
പാർലമെന്റിൽ പാസാക്കിയ നിയമം അനുസരിച്ചു പൗരത്വ നടപടികളുടെ ചുമതല ജില്ലാ മജിസ്‌ട്രേറ്റിനായിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നടപ്പാക്കില്ലെന്ന് ഉറച്ച നിലപാട് എടുത്തതോടെ ഇതിനുള്ള നടപടിക്രമങ്ങൾ ഓൺലൈനാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. അപേക്ഷ നൽകുന്നതും രേഖകൾ പരിശോധിക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നു മാറ്റി പകരം മറ്റൊരു സമിതിയെ ഏൽപിച്ചു പൂർണമായി ഓൺലൈനാക്കി മാറ്റുകയാണ് ലക്ഷ്യം.
അതോടെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകൾ ഒഴികെയുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി മതിയായ രേഖകൾ ഹാജരാക്കി ഇന്ത്യൻ പൗരത്വം നേടാം. പൗരത്വം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനാക്കുന്നതോടെ സംസ്ഥാന സർക്കാരുകൾക്കു പോലും ഇതിൽ ഇടപെടാൻ കഴിയില്ലെന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കത്തിന് പിന്നിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. അടുത്തിടെ പാർലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഓൺലൈൻ മാർഗം ആലോചിക്കുന്നത്. കേരള നിയമസഭ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. പശ്ചിമ ബംഗാളും കടുത്ത എതിർപ്പുകൾ ഉയർത്തുന്നുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ജാർഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News