ചാവക്കാട്- ബൈക്ക് ഇടിച്ചു പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ഇരട്ടപ്പുഴ സ്വദേശിയും സുനാമിയിൽ താമസക്കാരനുമായ കറുത്താരൻ മഹേഷ് ബാബു (68) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു മരണം. അപകടത്തിൽ മഹേഷിന്റെ ഉറ്റ സുഹൃത്ത് കറുപ്പംവീട്ടിൽ ഹസൈൻ (63) തിങ്കളാഴ് രാത്രി ഒൻപത് മണിക്ക് മരിച്ചിരുന്നു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് തിങ്കളാഴ്ച വൈകീട്ട് ആറു മണിക്കായിരുന്നു അപകടം. കടൽക്കരയിൽ കാറ്റു കൊണ്ട് ഇരുവരും താമസിക്കുന്ന സുനാമി വീട്ടിലേക്ക് നടന്നു പോകുമ്പോൾ തൊട്ടാപ്പ് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് അമിത വേഗതയിൽ വന്ന് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു. ഇരുവരും റോഡിൽ തെറിച്ചു വീണാണ് സാരമായി പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും തെറിച്ചു വീണു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ മൂന്നാംകല്ല് ലൈഫ് ലെയിൻ ആംബുലൻസ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച രണ്ടു പേരും നിർധന കുടുംബാംഗങ്ങളാണ്്. മഹേഷിന്റെ ഭാര്യ: ഉഷ. മക്കളില്ല. ഹസൈന്റെ ഭാര്യ: നസീറ. ആഷിഫ്, ഹിഷാം, ഫൗസിയ എന്നിവർ മക്കളും നിസാം മരുമകനുമാണ്്.
ചാവക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. സുനാമിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹങ്ങൾ പിന്നീട് സംസ്കരിച്ചു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഹസൈന്റെ മയ്യിത്ത് ബഌങ്ങാട് കാട്ടിൽ ജുമുഅത്ത്് പള്ളി ഖബർസ്ഥാനിലും, മഹേഷ് ബാബുവിന്റെ മൃതദേഹം കടപ്പുറം പഞ്ചായത്ത് ശ്മശാനത്തിലുമാണ് മറവു ചെയ്തത്.