ന്യൂദല്‍ഹി- കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ച് അഞ്ചു മാസത്തിനു ശേഷം എസ്എംഎസ് സേവനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതുവര്‍ഷാരംഭമായ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ എസ്എംഎസ് സേവനം വീണ്ടും കശ്മീരികള്‍ക്ക് ലഭിക്കും. കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ കശ്മീരിലെ എല്ലാ ആശുപത്രികളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും പുതുവര്‍ഷാരംഭ ദിനം മുതല്‍ ലഭ്യമാക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്ര ഭരണപ്രദേശമാക്കിയതിനു പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചിന് ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നത്. സര്‍ക്കാരിനെതിരെ 'പ്രശ്‌നക്കാര്‍' തിരിയുന്നതിന് തടയാനാണ് ഈ നടപടി എന്നായിരുന്നു വിശദീകരണം.