പാറ്റ്‌ന- ബിഹാറിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും തമ്മിൽ ഇടയുന്നു. ബിഹാറിൽ കൂടുതൽ സീറ്റ് വേണമെന്ന ജെ.ഡി.യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിന്റെ ആവശ്യത്തെ ബി.ജെ.പി അതിശക്തമായ ഭാഷയിൽ വിമർശിച്ചു. കച്ചവടക്കാർക്ക് എപ്പോഴും ലാഭത്തിൽ മാത്രമാണ് ശ്രദ്ധയെന്ന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോഡി ട്വീറ്റ് ചെയ്തു. ലാഭം നേടാനായി മാത്രം കച്ചവടം നടത്തുന്ന ഒരാൾ ആദ്യം ശ്രമിക്കുക തന്റെ സേവനങ്ങൾക്കുള്ള വിപണി സൃഷ്ടിക്കാനായിരിക്കുമെന്നും അതിന് ശേഷം മാത്രമേ രാജ്യത്തിന്റെ ക്ഷേമത്തെ പറ്റി ചിന്തയുണ്ടാകൂവെന്നും സുശീൽ മോഡി കൂട്ടിച്ചേർത്തു.
2020-ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി മോഡിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ നടക്കുമെന്ന് സുശീൽ മോഡി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് സമയമാകുമ്പോൾ ഇരുപാർട്ടികളുടെയും നേതാക്കൾ സമയമാകുമ്പോൾ തീരുമാനിക്കും. തെരഞ്ഞെടുപ്പ് കണക്കുകൾ ശേഖരിക്കുകയും മുദ്രാവാക്യങ്ങളുണ്ടാക്കുകയും ചെയ്യുന്ന കമ്പനി നടത്തുന്ന ചിലർ പ്രത്യയശാസ്ത്രങ്ങളില്ലാതെ രാഷ്ട്രീയത്തിൽ വരികയും പ്രതിപക്ഷത്തിന് അനൂകലമായ അന്തരീഷം സൃഷ്ടിക്കുകയാണെന്നും സുശീൽ മോഡി ആരോപിച്ചു.