ലഖ്‌നൗ- പൗരത്വ പ്രക്ഷോഭത്തെ അടിച്ചൊതുക്കുകയും മുസ്‌ലിംകളെ ഉന്നമിട്ട് വ്യാപക അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ഭീഷണിയുമായി ആദിത്യനാഥ്. ഒരു സന്യാസിയുടെ പൊതുസേവന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നാണ് ആദിത്യനാഥ് പ്രിയങ്കയ്ക്ക് മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്കും സേവനം എന്താണെന്ന് മനസ്സിലാകില്ലെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്ക് കാവി വേഷം ചേരില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയാണ് ആദിത്യനാഥിനെ ചൊടിപ്പിച്ചത്. ഇതിനു മറുപടിയായി പൊതുജന നന്മ കാവിയിലൂടെ (ഭഗ്‌വ മേം ലോക് കല്യാണ്‍) എന്ന ഹിന്ദി ഹാഷ് ടോഗോടെയാണ് ആദിത്യനാഥ് മറുപടി പറഞ്ഞത്.
പ്രതിഷേധക്കാര്‍ക്കു നേരെ വെടിവച്ചും അറസ്റ്റ് ചെയ്തും തടവിലിട്ടുമാണ് സമരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുന്നതായി പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു. ഈ രാജ്യത്തിന്റെ ആത്മാവില്‍ അക്രമത്തിനും പ്രതികാരത്തിനും വിദ്വേഷത്തിനും ഇടമില്ലെന്നും ഇത് ഇന്ത്യയുടെ മത-ആത്മീയ പാരമ്പര്യത്തിലുള്ളതല്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
ഒരു സന്യാസിയുടെ വേഷത്തിനും പദവിക്കും നിരയ്ക്കാത്ത ആദിത്യനാഥിന്റെ പ്രസ്താവന ചര്‍ച്ചയായി. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന സൂചന ആയാണ് അദിത്യനാഥാന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.