മുംബൈ- ബിജെപി ഭരിച്ച അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ മുസ്ലിം മന്ത്രിമാര്‍ക്ക് വീണ്ടും ഇടം ലഭിച്ചു. കഴിഞ്ഞ ദിവസം വിപുലീകരിച്ച ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ നാല് മുസ്ലിം ജനപ്രതിനിധികള്‍ ഇടംപിടിച്ചു. ഇവരില്‍ മൂന്ന് പേര്‍ കാബിനറ്റ് പദവിയുള്ളവരാണ്.
എന്‍സിപി നേതാവ് നവാബ് മാലിക്, ഹസന്‍ മുഷ്‌രിഫ്, കോണ്‍ഗ്രസ് നേതാവ് അസ്‌ലം ശെയ്ഖ് എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റപ്പോള്‍ ശിവ സേനയുടെ ഏക മുസ്‌ലിം പ്രതിനിധി അബ്ദുള്‍ സത്താര്‍ സഹമന്ത്രിയായി. ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ മുസ്‌ലിം മന്ത്രിമാര്‍ക്ക് മൂന്ന് കാബിനറ്റ് പദവി ലഭിക്കുന്നത്.
2004-ലെ വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭയില്‍ മൂന്ന് മുസ്ലിം മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത് 1999 മുതല്‍ 2003 വരെ ദേശ്മുഖ് മഹാരാഷ്ട്ര ഭരിച്ചപ്പോഴാണ്. ഏഴ് മന്ത്രിമാരുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കാബിനറ്റ് പദവി ലഭിച്ചത്.
2014ല്‍ അധികാരത്തിലെത്തിയ ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് മന്ത്രിസഭയില്‍ മുസ്ലിം പ്രതിനിധികള്‍ക്ക് ഇടം ലഭിച്ചില്ല. 1960ല്‍ മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വന്നശേഷം ആദ്യമായാണ് മുസ്‌ലിംകള്‍ക്ക് മന്ത്രി പദവി ലഭിക്കാതെ പോയത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 11.5 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. 10 മുസ്ലിം എംഎല്‍എമാരാണ് ഇപ്പോള്‍ നിയമസഭയിലുള്ളത്.
1995-ല്‍ ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച ശിവസേന പാര്‍ട്ടിയിലെ ഏക മുസ്‌ലിം എംഎല്‍എയായ സാബിര്‍ ശെയ്ഖിനെ കാബിനറ്റ് മന്ത്രിയാക്കിയിരുന്നു. ഇത്തണ പാര്‍ട്ടി അബ്ദുള്‍ സത്താറിനെ സഹമന്ത്രിയാക്കി. മുന്‍ കോണ്‍ഗ്രസുകാരനാണ് സത്താര്‍.
1960-നും 2014-നും ഇടയില്‍ 64 മുസ്‌ലിംകളാണ് മഹാരാഷ്ട്രയില്‍ മന്ത്രിമാരായത്. അതില്‍ 31 പേര്‍ കാബിനറ്റ് മന്ത്രിമാരും 33 പേര്‍ സഹമന്ത്രിമാരുമാണ്. പല ന്യൂനപക്ഷ സമുദായങ്ങളും സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. 1995-ന് ശേഷം പാഴ്സി സമുദായത്തില്‍ നിന്നും മന്ത്രിമാരില്ല. 1978-ന് ശേഷം ക്രിസ്ത്യന്‍ മന്ത്രിമാരുമില്ല. ശിവസേനയുടെ രാജേന്ദ്ര പാട്ടില്‍ യദ്രവ്ക്കര്‍ ആണ് ജൈനമതക്കാരനായ ഏകമന്ത്രി.