ദാറുസ്സലാം-ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കറുത്ത പെണ്‍ കാണ്ടാമൃഗം ഫോസ്റ്റ ചത്തു. 57 വയസ്സായിരുന്നു ഫോസ്റ്റയ്ക്ക്. പെണ്‍ കാണ്ടാമൃഗത്തെ സംരക്ഷിച്ചു പോന്നിരുന്നത് ടാന്‍സാനിയയിലെ എന്‍ഗോറോംഗോറോ സംരക്ഷിത മേഖലയിലാണ്.
മൂന്നോ നാലോ വയസ്സ് പ്രായമുള്ളപ്പോഴാണ് 1965ല്‍ ഒരു ശാസ്ത്രജ്ഞന്‍ ഈ കാണ്ടാമൃഗത്തെ കണ്ടെത്തുന്നത്. ചെന്നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഫോസ്റ്റയെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഫോസ്റ്റ എന്‍ഗോറോംഗോറോ സംരക്ഷിത മേഖലയില്‍ എത്തിയത് 2016ലാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് ഫോസ്റ്റയുടെ ആരോഗ്യനില പിന്നീട് മോശമായി വരികയായിരുന്നു
കാണ്ടാമൃഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സുവരെ ആയിരിക്കുമെന്ന് എന്‍ഗോറോംഗോറോ കണ്‍സര്‍വേഷന്‍ ഏരിയയിലെ അധികൃതര്‍ പറയുന്നു. ലോകത്തിലെ ഏതൊരു കാണ്ടാമൃഗത്തേക്കാളും കൂടുതല്‍ കാലം ഫോസ്റ്റ ജീവിച്ചിരുന്നതായും വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറഞ്ഞു.
സേവ് ദ് റിനോ യുടെ കണക്കനുസരിച്ച് കറുത്ത കാണ്ടാമൃഗങ്ങളുടെ എണ്ണം 5500 ആണ്. കെനിയ, ടാന്‍സാനിയ, നമീബിയ, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 55 വയസ്സുണ്ടായിരുന്ന സനാ എന്ന കാണ്ടാമൃഗമാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വെളുത്ത കാണ്ടാമൃഗമായി കണക്കാക്കുന്നത്.