ന്യൂദല്‍ഹി-പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതിന് ശേഷം ഇന്ത്യയുടെ ടൂറിസം മേഖല നേരിടുന്നത് കനത്ത തിരിച്ചടി. ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ടൂറിസ്റ്റുകളുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, സിംഗപ്പൂര്‍, റഷ്യ, സൗദി അറേബ്യ, യുഎഇ തുടങ്ങി ഒട്ടേറെ രാജ്യങ്ങളാണ് അവരുടെ പൗരന്‍മാന്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡിസംബര്‍ അവധിക്കാലമാണ്. ഈ വേളയില്‍ ഒട്ടേറെ പേര്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്താറുണ്ട്. എന്നാല്‍ ഈ വേളയില്‍ തന്നെയാണ് പൗരത്വ നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തിപ്പെട്ടതും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങി ദില്ലിയിലും രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കും വ്യാപിച്ച പ്രതിഷേധം ശക്തിപ്പെട്ടതോടെ ടൂറിസ്റ്റുകള്‍ പിന്‍വാങ്ങുകയായിരുന്നു. രണ്ടാഴ്ചക്കിടെ താജ്മഹല്‍ കാണാനുള്ള ശ്രമത്തില്‍ നിന്ന് സ്വദേശികളും വിദേശികളുമായ രണ്ടു ലക്ഷം പേര്‍ പിന്‍മാറിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ 60 ശതമാനം ടൂറിസ്റ്റുകളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് താജ്മഹലിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ടൂറിസ്റ്റുകളുടെ സുരക്ഷാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു.