മുംബൈ- മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ 36 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. രണ്ടു മാസത്തിനിടെ എന്‍സിപി നേതാവ് അജിത് പവാര്‍ രണ്ടാമതും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നു ദിവസം മാത്രം നിലനിന്ന ബിജെപി സര്‍ക്കാരിലും അജിത് ഉപമുഖ്യമന്ത്രിയായിരുന്നു. പുതിയ മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉദ്ധവിന്റെ മകന്‍ 29കാരനായ ആദിത്യ താക്കറേയുമുണ്ട്. ഇതാദ്യമായാണ് സംസ്ഥാനത്ത് അച്ഛനും മകനും മന്ത്രിസഭയില്‍ ഇടംപിടിക്കുന്നത്.
36 മന്ത്രിമാരില്‍ 26 പേര്‍ കാബിനറ്റ് മന്ത്രിമാരും 10 പേര്‍ സഹമന്ത്രിമാരുമാണ്. മൂന്ന് വനിതകള്‍ക്കും മന്ത്രിസഭയില്‍ ഇടം ലഭിച്ചു. കോണ്‍ഗ്രസിന്റെ വര്‍ഷ ഗെയ്ക്ക്‌വാദും യശോമതി താക്കൂറും എന്‍സിപിയുടെ അദിതി താട്കറെയുമാണ് വനിതാ മന്ത്രിമാര്‍.
ആദ്യമായി നിയമസഭയിലെത്തുന്ന അദിതി എന്‍സിപി നേതാവും എംപിയുമായ സുനില്‍ താട്കറെയുടെ മകളാണ്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഏക്നാഥ് ഗെയ്ക്ക്‌വാദിന്റെ മകളാണ് വര്‍ഷ.
മന്ത്രിസഭയില്‍ നാല് മുസ്ലിങ്ങളും അംഗങ്ങളാണ്. എന്‍സിപിയുടെ നവാബ് മാലിക്കും ഹസന്‍ മുഷ്‌റിഫും കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ഖും ശിവസേനയുടെ അബ്ദുള്‍ സത്താറുമാണ് മന്ത്രിസഭയിലുള്ളത്. മുന്‍കോണ്‍ഗ്രസ് എംഎല്‍എയായ സത്താര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സേനയിലെത്തിയത്.
മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകന്‍ അമിത് ദേശ്മുഖ്, കോണ്‍ഗ്രസ് നേതാവായ പതംഗ്റാവു കഠമിന്റെ മകന്‍ വിശ്വജീത്ത് കഠം എന്നിവരും മന്ത്രിസഭയിലുണ്ട്. വിദര്‍ഭയില്‍ നിന്നുള്ള ബച്ചു കഡു, അഹമ്മദ് നഗറില്‍ നിന്നുള്ള ശങ്കര്‍ ഗദ്ദാഖ്, കോലാപ്പൂരിലെ രാജേന്ദ്ര യാദ്രവ്കര്‍ എന്നീ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു.
മുന്‍മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ ഒഴിവാക്കിയ കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രിയായ അശോക് ചവാനെ മന്ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തി. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യകക്ഷി മന്ത്രിസഭയില്‍ മൂന്ന് പാര്‍ട്ടികളും പ്രാദേശിക, ജാതി സമവാക്യങ്ങള്‍ പാലിച്ചാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം 28-നാണ് ആറ് മന്ത്രിമാര്‍ക്കൊപ്പം ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയായത്