Sorry, you need to enable JavaScript to visit this website.

ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി

ന്യൂദൽഹി -അഭ്യൂഹങ്ങളെല്ലാം ശരിവച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മോധാവിയായി നിയമിച്ചു. കരസേനാ തലപ്പത്തു നിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് നിയമനം. കരസേന, നാവിക സേന, വ്യോമ സേന എന്നീ സൈനിക വിഭാഗങ്ങളുടേയും മേധാവിത്വം വഹിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയിലാണ് നിയമനം. കരസേനാ മേധാവി പദവിയിൽ ഡിസംബർ 31ന് മൂന്ന് വർഷം പൂർത്തിയാക്കി വിരമിക്കുന്ന ജനറൽ റാവത്ത് ഈ പദവിയിലേക്ക് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന റിപോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. മൂന്നു സേനകൾക്കുമിടയിലെ ഏകോപനത്തിലും സൈനിക തന്ത്രമൊരുക്കുന്നതിലുമായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ശ്രദ്ധ. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും സർക്കാരിന് ഉപദേശം നൽകുന്ന ഒരേ ഒരു കേന്ദ്രവും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരിക്കും. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കേന്ദ്ര സർക്കാർ ഈ പദവി സൃഷ്ടിച്ചത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പുതുതായി സൃഷ്ടിച്ച സൈനിക കാര്യ വകുപ്പിന്റെ തലവനും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരിക്കും. 

ഷിംലയിലെ സെയ്ന്റ് എഡ്വാർഡ് സ്‌കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി സേനയിലെത്തിയ ജനറൽ റാവത്ത് ഗോർഖ റെജിമെന്റിൽ നിന്നുള്ളയാളാണ്.
 

Latest News