ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും ഇന്ത്യയിൽ അഭയം തേടാമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം പേർ ഇത്തരത്തിൽ ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ട്. ഇനിയും അവർക്കായുള്ള വാതിലുകൾ തുറന്നു തന്നെയിടും. ഈ മൂന്നു രാജ്യങ്ങളിലും നിന്നുള്ള മുസ്‌ലിം വിഭാഗത്തിൽ പെടുന്നുവർ അവരവരുടെ രാജ്യം വിടുന്നത് വ്യക്തിപരമായ കാരണങ്ങളാലാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ ഇന്ത്യയിൽ അഭയത്തിന് വേണ്ടി അപേക്ഷിച്ചാൽ നമ്മുടെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ അതു നൽകും.
മേൽപറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ആ രാജ്യങ്ങൾ വിട്ടു പോരുന്നത് വിശ്വാസത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ കൊണ്ടല്ല. എന്നാൽ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, ബുദ്ധ, ജൈന, സിക്ക്, പാഴ്‌സി, വിഭാഗങ്ങളിൽ പെട്ടവർക്ക് ആ രാജ്യത്ത്് നിന്നും പോരേണ്ടി വരുന്നത് വിശ്വാസത്തിന്റെ പേരിൽ അവർ അനുവഭവിക്കുന്ന പീഡനത്തിന്റെ പേരിലാണ്. അതു കൊണ്ടു തന്നെ പൗരത്വ ഭേദഗതി നിയമം മൂന്നു മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി മാത്രമായുള്ളതാണ്. അത് ഒരു ഇന്ത്യക്കാരന്റെയും പൗരത്വം എടുത്തു കളയാനുള്ളതല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
എൻആർസി നടപ്പാക്കുക എന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, എപ്പോൾ എങ്ങനെ നടപ്പാക്കണം എന്ന കാര്യത്തിൽ സർക്കാരിന് നല്ല നിശ്ചയമുണ്ട്. നിലവിൽ ഇതുവരെ ഒന്നും തന്നെ ചെയ്തിട്ടില്ല. പ്രാഥമിക തീരുമാനം എടുക്കുകയോ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.
എൻപിആർ ആദ്യം നടപ്പാക്കിയത് 2010ൽ യുപിഎ സർക്കാരിന്റെ കാലത്താണ്. സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കും മറ്റും ഇത് ആവശ്യമാണ്. കോൺഗ്രസ് ആദ്യം ഇതിനെ ഹാർദവമായി സ്വാഗതം ചെയ്തതാണ്. എന്നാൽ, ഇപ്പോൾ അതേ നിയമം നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുമ്പോൾ എതിർക്കുന്നത് ഇരട്ടത്താപ്പാണ്. ഇത് തികച്ചും നിരുത്തരവാദിത്തപരമാണ്. നിർഭാഗ്യവശാൽ കോൺഗ്രസ് ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് തീവ്ര നിലപാടുകൾ ഉള്ളവരോടൊപ്പം ചേർന്നു കളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.