ന്യൂദൽഹി- രാജ്യവ്യാപക പൗരത്വ രജിസ്‌ട്രേഷൻ (എൻആർസി) നിയമ വശങ്ങൾ പരിശോധിച്ചു മാത്രമേ നടപ്പാക്കൂ എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു ചർച്ച ചെയ്തു മാത്രമേ എൻആർസി നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യ രജിസ്റ്ററിന് (എൻആർപി) ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന് ചിലത് എൻആർസിക്ക് ഉപയോഗിക്കുകയോ ചിലത് ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, എൻആർസി നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ദൽഹിയിൽ നടന്ന റാലിയിൽ സംസാരിക്കവേ എൻആർസി നടപ്പാക്കുന്ന കാര്യം പാർലമെന്റിലോ കാബിനറ്റിലോ ചർച്ച ചെയ്തിട്ടു പോലുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. എൻപിആർ എൻആർസിക്ക് വേണ്ടിയുള്ള വിവര ശേഖരമാണെന്ന് വ്യാപക ആരോപണവും ആശങ്കയും ഉയരുന്നതിനിടെ ആയിരുന്നു ഇത്.
അതിനിടെയാണ് സംസ്ഥാനങ്ങളോടു കൂടിയാലോചിച്ചും നിയമവശങ്ങൾ പരിശോധിച്ചും എൻആർസി നടപ്പാക്കുമെന്ന് കേന്ദ്ര നിയമന്ത്രി പറയുന്നത്. എൻപിആറും എൻആർസിയുമായി ഒരു ബന്ധവും ഇല്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് എൻപിആറിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ എൻആർസിക്കു വേണ്ടി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് നിയമമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങൾക്കു നൽകിയ വ്യത്യസ്ത അഭിമുഖങ്ങളിലാണ് രവിശങ്കർ പ്രസാദ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കേരളവും ബംഗാളും അടക്കം എൻപിആർ നടപ്പാക്കില്ലെന്നും എൻഡിഎ ഘടക കക്ഷികൾ തന്നെ എൻആർസിക്ക് എതിരാണെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എൻആർസി നടപ്പാക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. ആദ്യം തീരുമാനം എടുക്കണം. പിന്നീട് വിജ്ഞാപനം ഇറക്കണം. പിന്നീട് നടപടിക്രമങ്ങളിലേക്കും കടക്കണം. പിന്നീട് ഇതിലുള്ള എതിർപ്പുകൾ കേൾക്കുകയും അപ്പീലിനുള്ള അവകാശം ഉണ്ടാകുകയും ചെയ്യുമെന്നുമാണ് രവിശങ്കർ പ്രസാദ് പറയുന്നത്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തും. എന്തു ചെയ്താലും പരസ്യമായേ ചെയ്യൂ എന്നും എൻആർസിയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള രഹസ്യങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻആർസി അസമിൽ നടപ്പാക്കിയത് സുപ്രീംകോടതി നിർദേശപ്രകാരമാണ്. രാജ്യവ്യാപകമായി എൻആർസി നടപ്പാക്കുമ്പോൾ എന്തൊക്കെ രേഖകളാണ് വേണ്ടിവരികയെന്നത് സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. അത് തികച്ചും അക്കാഡമികമായ ഒരു വിഷയമാണ്. അത് 2003ലെ പൗരത്വ നിയമത്തിന്റെ (പൗരത്വ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡും) മൂന്നും നാലും വകുപ്പുകളുടെ കീഴിൽ വരുന്നതാണെന്നും മന്ത്രി പറഞ്ഞു.
മാതാപിതാക്കളുടെ ജനന സ്ഥലവും ജനന തീയതിയും ഉൾപ്പടെ എൻപിആറിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ എൻആർസിക്ക്് വേണ്ടി ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് നിയമ മന്ത്രി മറുപടി നൽകിയത്. വോട്ടേഴ്‌സ് ലിസ്റ്റിലും പാസ്‌പോർട്ടിലും രക്ഷിതാക്കളുടെ വിവരങ്ങൾ ഉണ്ടല്ലോ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടുമെന്ന ഭീതി വേണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എൻആർസി തികച്ചും വ്യത്യസ്തമായ ഒരു നടപടി ക്രമം ആണ്. ഇന്ത്യയിലെ മുസ്‌ലിംകൾ ഒരു തരത്തിലും ഭയപ്പെടേണ്ട കാര്യമില്ല. പൗരത്വ ഭേദഗതി നിയമവും എൻആർസിയും എൻപിആറുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി പറയുന്നു.