Sorry, you need to enable JavaScript to visit this website.

സ്വകാര്യ സ്ഥാപനങ്ങളിൽ 75 ശതമാനം  സൗദിവൽക്കരണം വേണം -ശൂറാ സമിതി

  • തൊഴിലില്ലായ്മ ഏഴു ശതമാനമായി കുറക്കണം

റിയാദ്- രാജ്യത്തെ തൊഴിലില്ലായ്മ ഏഴു ശതമാനമായി കുറക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽ മൊത്തം തൊഴിലാളികളുടെ 75 ശതമാനം സൗദിവൽക്കരണം നടത്തണമെന്ന് ശൂറാ കൗൺസിൽ സമിതി. ഇതിനായി തൊഴിൽ നിയമത്തിലെ 26 ാം ഖണ്ഡിക ഭേദഗതി വരുത്തണമെന്ന ചില അംഗങ്ങളുടെ നിർദേശം കൗൺസിലിലെ കുടുംബ, സാമൂഹ്യകാര്യ സമിതി അംഗീകരിച്ചു. ഇനി വിഷയം ശൂറാ കൗൺസിൽ ചർച്ച ചെയ്യേണ്ടതുണ്ട്.


ഉന്നത സ്ഥാനങ്ങളിലടക്കം സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളിൽ 75 ശതമാനത്തേക്കാൾ സൗദികളുടെ എണ്ണം കുറയാൻ പാടില്ല. വേണ്ടത്ര സാങ്കേതിക പരിജ്ഞാനമോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാതിരിക്കുകയോ സൗദികൾക്ക് ജോലി ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ മന്ത്രിക്ക് ഈ അനുപാതം കുറക്കാവുന്നതാണ്. ഇങ്ങനെ 26 ാം ഖണ്ഡിക ഭേദഗതി ചെയ്യണമെന്നതാണ് ശൂറാ അംഗങ്ങളായ അബ്ദുല്ല അൽഖാലിദി, ഡോ. ഗാസി ബിൻ സഖർ, ഡോ. ഫൈസൽ ആൽ ഫാദിൽ, ഡോ. മുഹമ്മദ് അൽജർബാഅ് എന്നിവർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മാത്രമേ വിഷൻ 2030 പ്രകാരമുള്ള ഏഴു ശതമാനമായി തൊഴിലില്ലായ്മ നിരക്ക് കുറക്കാനാകൂ. ഈ ഭേദഗതി സൗദികൾക്ക് അനുയോജ്യ തൊഴിൽ അന്തരീക്ഷമുണ്ടാക്കാനും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാക്കാനും അതോടൊപ്പം പരമ്പരാഗത കുടുംബ കമ്പനികൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകാനും സാധിക്കും. സൗദി യുവത നടത്തിവരുന്ന നിരവധി ബിസിനസ് സംരംഭങ്ങളും സ്ഥാപനങ്ങളും വികസിക്കുകയും ചെയ്യും. വരും വർഷങ്ങളിൽ സൗദി യുവത വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് നിക്ഷേപങ്ങളിലേക്ക് തിരിയാനും അതുവഴി തൊഴിൽ നയങ്ങളിൽ മാറ്റങ്ങളുണ്ടാവുമെന്നും അവർ സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു.


സ്ഥാപനങ്ങളുടെ ഉന്നത തസ്തികകളിൽ സൗദികളുടെ ആഗമനം ഉണ്ടായാൽ മാത്രമേ കൂടുതൽ സൗദി തൊഴിലാളികൾ ജോലിക്ക് നിയമിക്കപ്പെടുകയുള്ളൂ. ഇത് സൗദിവൽക്കരണത്തിന് ആക്കം കൂട്ടും. ഉയർന്ന ശമ്പളവും ആനുകൂല്യവുമാണ് ഉന്നത തസ്തികകളിലുള്ളവർക്ക് ലഭിക്കുന്നത്. ഉയർന്ന തസ്തികകളിൽ ഇപ്പോൾ വിദേശികളാണ് കൂടുതലുള്ളത്. ഇത് നിലവിലെ സ്വദേശിവൽക്കരണ പദ്ധതികൾക്ക് ഭീഷണിയായി നിലകൊളളുന്നുണ്ട്. പല സൗദികളുടെയും ജോലി സ്ഥിരതയെ ഇത് ബാധിക്കുന്നതിനാൽ അവർ ജോലികൾ മാറിപ്പോകുന്നു. ഇങ്ങനെയുള്ള തൊഴിൽ മാറ്റം തൊഴിൽ പരിചയം കുറയാനും അതുവഴി ഉയർന്ന തസ്തികയിലെത്താനും അവർക്ക് തടസ്സമാകും. ഉന്നത സ്ഥാനങ്ങൾ സൗദിവൽക്കരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുഗുണമാവുകയും ചെയ്യും.
സ്വകാര്യ മേഖലയിലെ താഴ്ന്ന തസ്തികകളിലും സൗദിവൽക്കരണം ശക്തമാക്കുന്നതിന് ഉടൻ തന്നെ പദ്ധതികൾ ആവഷികരിക്കണമെന്നും അവർക്ക് പരിശീലനത്തിന് മതിയായ സൗകര്യങ്ങൾ നിലവിലുണ്ടെന്നും ഇവർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.


75 ശതമാനം സൗദിവൽക്കരണം എന്ന ലക്ഷ്യത്തിലേക്കെത്തണമെങ്കിൽ കമ്പനികളുടെ ഉടമകൾ സൗദികൾക്ക് പരിശീലനത്തിനും യോഗ്യതകൾ നേടാനും അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. സമയബന്ധിതമായ പരിശീലനം നൽകി അവരെ എല്ലാ ജോലികളും ചെയ്യാൻ പ്രാപ്തരാക്കണം. ഇത് വിജയിച്ചാൽ വിദേശികളുടെ സ്ഥാനങ്ങളിൽ സൗദികളെ നിയമിക്കാൻ അവസരം ലഭിക്കും. അടുത്ത തലമുറകൾക്ക് കൂടി ഇതിന്റെ ഗുണം ലഭിക്കും.


25 ശതമാനം ഉന്നത തസ്തികകളിൽ മതിയായ യോഗ്യതകളുള്ള വിദേശികളെ നിയമിക്കാവുന്നതാണ്. അത് സൗദി യുവതക്ക് കൂടുതൽ പരിശീലനത്തിനും തൊഴിൽ പരിചയത്തിനും കളമൊരുക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിവരുന്ന യുവതികളും യുവാക്കളും ഇപ്പോൾ സൗദിയിലുണ്ട്. അതോടൊപ്പം തന്നെ സൗദിയിലെ യൂനിവേഴ്‌സിറ്റികളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയവരുമുണ്ട്. ഇവർക്ക് മുന്നിൽ കമ്പനി ഉടമകൾ അവസരങ്ങളുടെ വാതിലുകൾ തുറന്നുകൊടുക്കണം. സൗദിവൽക്കരണം നിർബന്ധമാക്കിയുള്ള നിയമ വ്യവസ്ഥകളിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

 

Latest News