ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ദേശീയ ജനസംഖ്യ രജിസ്റ്ററിനും ദേശീയ പൗരത്വ രജിസ്‌ട്രേഷനും എതിരേ എൻ.ഡി.എ ഘടക കക്ഷികൾ. എതിർ സ്വരങ്ങൾ കൂടുതൽ ഉയർന്നതോടെ എൻ.ഡി.എ ഘടക കക്ഷികൾക്കിടയിൽ ബി.ജെ.പി ഒറ്റപ്പെടുകയാണ്. പതിമൂന്നു ഘടകകക്ഷികളിൽ പത്ത് പാർട്ടികളും എൻ.ആർ.സിക്ക് എതിരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയും പട്ടാളി മക്കൾ കക്ഷിയും അപ്‌നാദളും മാത്രമാണ് എൻ.ആർ.സിയെ എതിർത്ത് മുന്നോട്ടു വരാത്തത്. അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഘടക കക്ഷികളും ശിരോമണി അകാലിദളും ജെ.ഡി.യുവും എൽ.ജെ.പിയും ഉൾപ്പടെയുള്ള സഖ്യ കക്ഷികൾ എൻ.ആർ.സി നടപ്പാക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തു എങ്കിലും എൻ.ആർ.സിയെ അനൂകൂലിക്കില്ല എന്നു തന്നെയാണ് ഈ ഘടക കക്ഷികളെല്ലാം തന്നെ വ്യക്തമാക്കിയത്. അതിനിടെ ദേശീയ ജനസംഖ്യ രജിസ്‌ട്രേഷൻ പുതുക്കുന്നത് എൻ.ആർ.സിയുടെ മുന്നോടിയാണെന്ന പ്രചാരണം കൂടി ആയപ്പോൾ കൂടുതൽ സംസ്ഥാനങ്ങൾ ഉൾപ്പടെ ഇതിനെ എതിർത്തു രംഗത്തെത്തി. അതോടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു വോട്ട് ചെയ്ത ഘടക കക്ഷികൾ ഇനി എൻ.പി.ആറിനെ കൂടി ഒരുമിച്ച് എതിർത്തേക്കുമോ എന്ന ആശങ്കയാണ് മോഡി സർക്കാരിനുള്ളത്.
ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ എൻ.ആർ.സി സംസ്ഥാനത്തു നടപ്പാക്കില്ലെന്നു വ്യക്തമാക്കി. പിന്തുണയ്ക്കില്ലെന്ന് ജെ.ഡി.യു ജനറൽ സെക്രട്ടറി കെ.സി ത്യാഗിയും വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ ജെ.ഡി.യു പാർലമെന്റിൽ പിന്തുണച്ചതിൽ തന്നെ പാർട്ടിക്കുള്ളിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. ജെ.ഡി.യു ബില്ലിനെ പിന്തുണച്ചതിനെ പരസ്യമായി എതിർത്ത് പാർട്ടിയിലെ മുതിർന്ന നേതാക്കളായ പ്രശാന്ത് കിഷോറും പവൻ വർമയും രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയുടെ ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദൾ എൻ.ആർ.സിയെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ശിരോമണി അകാലിദൾ ന്യൂനപക്ഷ വിഭാഗമായ സിക്ക് സമുദായത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ്. തങ്ങൾ ഒരിക്കലും രാജ്യവ്യാപക പൗരത്വ രജിസ്‌ട്രേഷനെ പിന്തുണയ്ക്കില്ലെന്നാണ് രാജ്യസഭ എം.പി നരേഷ് ഗുജ്‌റാൾ പറഞ്ഞത്.
ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ എൻ.ആർ.സിയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കാതെ തങ്ങൾ ഇതിനെ പിന്തുണയ്ക്കില്ലെന്നാണ് ചിരാഗ് പസ്വാൻ പറഞ്ഞത്.
അസം ഗണ പരിഷത്തും രാജ്യവ്യാപക എൻ.ആർ.സിയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെയും എൻ.ആർ.സിയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക പൂർണമായി അകറ്റാതെ എൻ.ആർ.സിയെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കില്ലെന്നാണ് പാർട്ടിയുടെ രാജ്യസഭ എം.പി പറഞ്ഞത്. മറ്റൊരു ഘടക കക്ഷിയായ ജാർഖണ്ഡ് സ്റ്റുഡൻ്‌സ് യൂണിയനും എൻ.ആർ.സിയെ എതിർക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഘടക കക്ഷികളായ നാഗാ പീപ്പിൾ ഫ്രണ്ടും മിസോ നാഷണൽ ഫ്രണ്ടും ബോഡോലാൻഡ് ഫ്രണ്ടും സിക്കിം ക്രാന്തികാരി മോർച്ചയും എൻ.ആർ.സിയെയും എൻ.പി.ആറിനെയും എതിർക്കുന്നു.
പൗരത്വ നിയമ ഭേദഗതിയെ പാർലമെന്റിൽ പിന്തുണച്ചുവെങ്കിലും എൻ.ആർ.സിയെ അനുകൂലിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീൻ പട്‌നായിക് വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസും എൻ.ആർ.സിയെ എതിർക്കുന്നു. പൗരത്വഭേദഗതി നിയമത്തിൽ മുസ്‌ലിംകളെ കൂടി ഉൾപ്പെടത്തണമെന്ന് പാർട്ടിയുടെ ലോക്‌സഭ എം.പി വിജയ് സായ് റെഡ്ഢി ആവശ്യപ്പെട്ടിരുന്നു.